തുർക്കിയിൽ അശാന്തി പടർത്തി ജനകീയ പ്രക്ഷോഭം; 1,113 പേർ കസ്റ്റഡിയിൽ
ഒരു ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ


ഇസ്താംബൂൾ: തുർക്കിയിൽ അശാന്തി പടർത്തി ജനകീയ പ്രക്ഷോഭം. പ്രസിഡന്റ് തയ്യിപ് ഉർദുഗാന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയും ഇസ്താംബൂൾ മേയറുമായ എക്രം ഇമാമോഗ്ലു അറസ്റ്റിന് ആരംഭിച്ച പ്രതിഷേധങ്ങൾ അഞ്ചാം ദിവസവും അതിശക്തമായി തുടരുകയാണ്. 1,113 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി മാധ്യമപ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.
പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി)യാണ് ആക്രമങ്ങൾക്ക് പിന്നിലെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് ഉർദുഗാൻ പ്രതികരിച്ചു. പ്രതിഷേധങ്ങൾ അവസാനിക്കുമ്പോൾ രാജ്യത്തോട് ചെയ്ത തിന്മയെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കേണ്ടിവരുമെന്നും ഉർദുഗാൻ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി.
വ്യാപകമായി അറസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാത്ത സർക്കാർ അനുകൂല മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. അഴിമതി, ഭീകരസംഘടനകളുമായുള്ള ബന്ധം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എക്രം ഇമാമോഗ്ലുവിനെ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (CHP) 2028 ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു ഇമാമോഗ്ലു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇമാമോഗ്ലു ആരോപിച്ചു.
എന്നാൽ രാജ്യത്തെ കോടതികൾ സ്വാതന്ത്രമാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 53 കാരനായ ഇമാമോഗ്ലുവിനെ നിലവിൽ ഇസ്താംബൂളിന്റെ പ്രാന്തപ്രദേശത്തുള്ള സിലിവ്രി ജയിലിൽ അടച്ചിരിക്കുകയാണ്. 2003 മുതൽ തുർക്കിയെയുടെ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ഉർദുഗാന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിക്കുന്ന ഏക രാഷ്ട്രീയ നേതാവായാണ് ഇമാമോഗ്ലു കണക്കാക്കപ്പെടുന്നത്.
രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിലധികത്തിലും പ്രതിഷേധങ്ങളും റാലികളും നടക്കുന്നതായി ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.