ദക്ഷിണ സുഡാൻ മറ്റൊരു ആഭ്യന്തരയുദ്ധത്തിന്‍റെ വക്കിൽ; മുന്നറിയിപ്പുമായി യുഎൻ
കുറച്ചുനാളുകളായി നിലനിന്നിരുന്ന സമാധാനത്തിനുശേഷം, ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിന്‍റെ വക്കിലേക്ക് നീങ്ങിയിരിക്കുകയാണ്


ജൂബ: ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാൻ മറ്റൊരു ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിലാണെന്ന് യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ സമാധാന ശ്രമങ്ങൾ സർക്കാർ പെട്ടെന്ന് മാറ്റിവച്ചതിൽ ദുഃഖിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഭയാനകമായ സാഹചര്യമെന്ന് വിശേഷിപ്പിച്ച നിക്കോളാസ് ഹെയ്‌സം പ്രസിഡന്‍റ് സാൽവ കീറും വൈസ് പ്രസിഡന്‍റ് റീക് മച്ചറും തങ്ങളുടെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും ഇടപെടാൻ തയാറാണെങ്കിൽ മാത്രമേ സമാധാനപരമായ പരിഹാരത്തിന് മധ്യസ്ഥത വഹിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ വിജയിക്കൂ എന്നും വ്യക്തമാക്കി.
കുറച്ചുനാളുകളായി നിലനിന്നിരുന്ന സമാധാനത്തിനുശേഷം, ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിന്‍റെ വക്കിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്‍റ് കീറും വൈസ് പ്രസിഡന്‍റ് മച്ചറും കൂടെ രാജ്യത്തെ അക്രമത്തിന്‍റെ പാതയിലേക്ക് തള്ളിവിടുകയാണെന്ന് ജര്‍മൻ എംബസി അധികൃതര്‍ എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു. ‘നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജൂബയിലെ തങ്ങളുടെ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും തങ്ങളുടെ സഹപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണനയെന്നും അധികൃതര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ സുഡാനിലെ ജര്‍മൻ എംബസി അടച്ചുപൂട്ടിയിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായ ദക്ഷിണ സുഡാൻ 2011ലാണ് സ്വതന്ത്രമായത്. പ്രസിഡന്‍റ് കീറും നിലവിലെ ആദ്യ വൈസ് പ്രസിഡന്‍റായ മച്ചാറും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 2013 ല്‍ പൊട്ടിപ്പുറപ്പെട്ട അഞ്ച് വര്‍ഷത്തെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം ഇപ്പോഴും ഇവിടെ അശാന്തി തുടരുന്നു. എതിരാളികള്‍ക്ക് അധികാരം പങ്കിടാന്‍ അനുവദിക്കുന്ന 2018 ലെ സമാധാന കരാര്‍ ഉണ്ടായിരുന്നിട്ടും മച്ചാറിനോട് വിശ്വസ്തത പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ കിയര്‍ ഇടയ്ക്കിടെ പിരിച്ചുവിടുന്നത് കാരണം സ്ഥിരമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നു. 2018-ൽ ഒരു സമാധാന കരാറോടെ അവസാനിച്ച യുദ്ധത്തിൽ 40,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കരാർ പ്രകാരം, 2023 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു, പക്ഷേ അത് 2024 ഡിസംബർ വരെയും പിന്നീട് 2026 വരെയും മാറ്റിവച്ചു.
രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ സർക്കാർ സൈനികരും മച്ചാറുമായി സഖ്യമുണ്ടാക്കിയതായി പരക്കെ വിശ്വസിക്കപ്പെടുന്ന വൈറ്റ് ആർമി എന്നറിയപ്പെടുന്ന വിമത സായുധ സംഘവും തമ്മിലുള്ള പോരാട്ടമാണ് പുതിയ സംഘർഷങ്ങൾക്ക് കാരണം. ഈ മാസം ആദ്യം, പ്രശ്നബാധിതമായ അപ്പര്‍ നൈല്‍ സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ ഒരു ദക്ഷിണ സുഡാനീസ് ജനറൽ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. മാർച്ച് 4 ന് സർക്കാർ സൈന്യം തലസ്ഥാനമായ ജൂബയിലെ മച്ചാറിന്‍റെ വീട് വളയുകയും അദ്ദേഹത്തിന്‍റെ നിരവധി പ്രധാന സഖ്യകക്ഷികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തെരഞ്ഞെടുപ്പിനോട് അടുക്കുകയും രാഷ്ട്രീയ മത്സരം വര്‍ധിക്കുകയും ചെയ്യുമ്പോൾ എതിരാളികൾ തമ്മിൽ മൂര്‍ച്ച കൂടുകയും പിരിമുറുക്കങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരികയാണെന്നും ഹെയ്സം പറഞ്ഞു. 2018 ലെ സമാധാന കരാർ നടപ്പിലാക്കുന്നതിനും സ്ഥിരതയുള്ളതും ജനാധിപത്യപരവുമായ ഒരു ഭാവിയിലേക്ക് നീങ്ങുന്നതിനും ആവശ്യമായ നേതൃത്വം പ്രകടിപ്പിക്കാൻ കീറും മച്ചറും പരസ്പരം വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാ മേധാവിയാണ് നിക്കോളാസ് ഹെയ്‌സം. ആഭ്യന്തരയുദ്ധം തടയുന്നതിനായി, ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക ചര്‍ച്ചകളിൽ തീവ്രമായ ഏർപ്പെട്ടിരിക്കുകയാണെന്ന് യുഎൻ പ്രത്യേക പ്രതിനിധി പറഞ്ഞു.