'ഫലസ്തീൻ സ്വതന്ത്രമാകുന്നതുവരെ പോരാടുക'; ഗസ്സ മാധ്യമപ്രവർത്തകന്റെ അവസാന സന്ദേശം പങ്കുവെച്ച് സഹപ്രവർത്തകർ
വടക്കൻ ഗസ്സയിൽ നിന്നും അവസാനമായി, ഹുസ്സാം ഷബാത്ത് എന്ന് പറഞ്ഞ് കൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്


ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽജസീറ മാധ്യമപ്രവർത്തകന്റെ ഹൃദയഭേദകമായ അവസാനവാക്കുകൾ പങ്കുവെച്ച് സഹപ്രവർത്തകർ. കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളിലാണ് 23 കാരനായ ഹുസ്സാം ഷബാത്ത് കൊല്ലപ്പെട്ടത്. പിന്നാലെയാണ് അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പേജുകളിലൂടെ സഹപ്രവർത്തകർ അവസാന സന്ദേശം പങ്കുവെച്ചത്. ഗസ്സയെക്കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും നിർത്തരുതെന്ന് സന്ദേശത്തിൽ ഹുസ്സാം ലോകത്തോട് ആവശ്യപ്പെടുന്നു.
നിങ്ങൾ ഈ സന്ദേശം വായിക്കുമ്പോഴേക്കും ഇസ്രായേൽ അധിനിവേശ സേന എന്നെ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്ന വാചകത്തോടെയാണ് ഹുസ്സാമിന്റെ സന്ദേശം ആരംഭിക്കുന്നത്. കഴിഞ്ഞ 18 മാസമായി, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ എന്റെ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു. വടക്കൻ ഗസ്സയിലെ ഭീകരതകൾ ഓരോ മിനിറ്റിലും ഞാൻ രേഖപ്പെടുത്തി. അവർ കുഴിച്ചുമൂടാൻ ശ്രമിച്ച സത്യം ലോകത്തിന് കാണിച്ചുകൊടുക്കാൻ ദൃഢനിശ്ചയം ചെയ്തു. മാസങ്ങളോളം ഞാൻ വിശപ്പ് സഹിച്ചു, പക്ഷേ ഞാൻ ഒരിക്കലും എന്റെ ജനങ്ങളുടെ പക്ഷത്ത് നിന്ന് വ്യതിചലിച്ചില്ല, ഹുസ്സാം ഷബാത്ത് പറയുന്നു.
ഇപ്പോൾ ഒടുവിൽ താൻ വിശ്രമത്തിലാണെന്നും ഹുസ്സാം സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ 18 മാസമായി വിശ്രമം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. ഈ പ്രദേശം ഞങ്ങളുടേതാണെന്നും അതിനെ പ്രതിരോധിച്ചും അതിൻ്റെ ജനങ്ങളെ സേവിച്ചും മരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയാണെന്നു ഞാൻ വിശ്വസിക്കുന്നുവെന്നും ഹുസ്സാം ചൂണ്ടിക്കാട്ടുന്നു.
ഗസ്സയെ ക്കുറിച്ച് സംസാരിക്കുന്നത് നിർത്തരുതെന്ന് ഹുസ്സാം ലോകത്തോട് ആവശ്യപ്പെടുന്നു. ലോകത്തെ തിരിഞ്ഞുനോക്കാൻ അനുവദിക്കരുത്. ഫലസ്തീൻ സ്വതന്ത്രമാകുന്നതുവരെ പോരാടുക, ഞങ്ങളുടെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുക. വടക്കൻ ഗസ്സയിൽ നിന്നും അവസാനമായി, ഹുസ്സാം ഷബാത്ത് എന്ന് പറഞ്ഞ് കൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ഹുസ്സാമിന്റെ സന്ദേശം:
“നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഇസ്രായേൽ അധിനിവേശ സേന എന്നെ കൊന്നിട്ടുണ്ടാവും. മിക്കവാറും ലക്ഷ്യം വെച്ചിട്ടെങ്കിലുമുണ്ടാകും. ഇതെല്ലാം ആരംഭിച്ചപ്പോൾ, എനിക്ക് 21 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ - മറ്റാരെയും പോലെ സ്വപ്നങ്ങളെല്ലാമുള്ള ഒരു കോളേജ് വിദ്യാർത്ഥി. കഴിഞ്ഞ 18 മാസമായി, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ എന്റെ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു. വടക്കൻ ഗസ്സയിലെ ഭീകരതകൾ ഓരോ മിനിറ്റിലും ഞാൻ രേഖപ്പെടുത്തി, അവർ കുഴിച്ചുമൂടാൻ ശ്രമിച്ച സത്യം ലോകത്തിന് കാണിച്ചുകൊടുക്കാൻ ദൃഢനിശ്ചയം ചെയ്തു. നടപ്പാതകളിലും സ്കൂളുകളിലും കൂടാരങ്ങളിലും - എനിക്ക് കഴിയുന്നിടത്തെല്ലാം ഞാൻ കിടന്നുറങ്ങി.
ഓരോ ദിവസവും അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. മാസങ്ങളോളം ഞാൻ വിശപ്പ് സഹിച്ചു, പക്ഷേ ഞാൻ ഒരിക്കലും എന്റെ ജനങ്ങളുടെ പക്ഷത്ത് നിന്ന് വ്യതിചലിച്ചില്ല.
ദൈവത്താൽ, ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഞാൻ എന്റെ കടമ നിറവേറ്റി. സത്യം റിപ്പോർട്ട് ചെയ്യാൻ ഞാൻ എല്ലാം പണയപ്പെടുത്തി, ഇപ്പോൾ, ഞാൻ ഒടുവിൽ വിശ്രമത്തിലാണ്, കഴിഞ്ഞ 18 മാസമായി അതെന്തെന്ന് എനിക്കറിയില്ലായിരുന്നു. പലസ്തീൻ കോസിൽ വിശ്വസിക്കുന്നതിനാലാണ് ഞാൻ ഇതെല്ലാം നിർവ്വഹിച്ചത്. ഈ പ്രദേശം ഞങ്ങളുടേതാണെന്നും അതിനെ പ്രതിരോധിച്ചും അതിൻ്റെ ജനങ്ങളെ സേവിച്ചും മരിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബഹുമതിയാണെന്നു ഞാൻ വിശ്വസിക്കുന്നു.
ഞാൻ ഇപ്പോൾ നിങ്ങളോട് ആവശ്യപ്പെടുന്നത് ഗസ്സയെക്കുറിച്ച് സംസാരിക്കുന്നത് നിർത്തരുതെന്നാണ്. ലോകത്തെ തിരിഞ്ഞുനോക്കാൻ അനുവദിക്കരുത്. ഫലസ്തീൻ സ്വതന്ത്രമാകുന്നതുവരെ പോരാടുക, ഞങ്ങളുടെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുക.
(വടക്കൻ ഗസ്സയിൽ നിന്നും അവസാനമായി, ഹുസ്സാം ഷബാത്ത്.)"
ബൈത്ത് ലാഹിയയുടെ കിഴക്കൻ ഭാഗത്ത് അദ്ദേഹത്തിന്റെ കാറിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് ഹുസ്സാം ഷബാത്ത് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന അൽ ജസീറയുടെ ആറാമത്തെ മാധ്യമപ്രവർത്തകനാണ് ഹുസ്സാം അൽ ശബാത്ത്. അതേസമയം 2023 ഒക്ടോബർ മുതലുള്ള ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 208 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്.