'എഴുന്നേൽക്കൂ, ലോകത്തോട് സംസാരിക്കൂ'; ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗസ്സ മാധ്യമപ്രവർത്തകന് വൈകാരികമായി വിടചൊല്ലി പിതാവ്
ഫലസ്തീൻ മാധ്യമപ്രവർത്തകനായ മുഹമ്മദ് മൻസൂറിന്റെ പിതാവാണ് ദൃശ്യങ്ങളിൽ ഉള്ളത്


ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന് വൈകാരികമായി വിടചൊല്ലി പിതാവ്. മകന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ലോകത്തോട് സംസാരിക്കാൻ ആവശ്യപ്പെടുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് നോവാകുന്നത്. മകന്റെ കൈകളിൽ മൈക്ക് ചേർത്ത് വെച്ചാണ് എഴുന്നേൽക്കാനും സംസാരിക്കാനും പിതാവ് ആവശ്യപ്പെടുന്നത്. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഫലസ്തീൻ മാധ്യമപ്രവർത്തകനായ മുഹമ്മദ് മൻസൂറിന്റെ പിതാവാണ് ദൃശ്യങ്ങളിൽ ഉള്ളത്. 'എഴുന്നേൽക്കൂ, നീ ലോകത്തോട് സത്യം പറയൂ. ഈ മൈക്കുകൾ പിടിക്കൂ. നീ സംസാരിച്ച് കൊണ്ടേയിരിക്കൂ. ഞാൻ ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോവുകയാണ്. എങ്കിൽ എനിക്ക് സംസാരിക്കാമായിരുന്നു. ഈ ലോകത്തോട് പറയാമായിരുന്നു. നിന്റെ ജോലി എനിക്ക് തുടരമായിരുന്നു മകനേ," എന്നാണ് ദൃശ്യങ്ങളിൽ മൻസൂറിന്റെ പിതാവ് പറയുന്നത്.
ഇന്നലെ നടത്തിയ ആക്രമണങ്ങളിലാണ് ഫലസ്തീൻ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് മൻസൂറിനെ ഇസ്രായേൽ കൊലപ്പെടുത്തിയത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ വെച്ചായിരുന്നു മന്‍സൂറിന് നേര്‍ക്കുള്ള ആക്രമണം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇസ്രായേൽ സേന മൻസൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അൽ ജസീറ മാധ്യമപ്രവർത്തകനായ ഹുസ്സാം ഷബാത്തും ഇന്നലെ ഇസ്രായേൽ ആക്രമങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗസ്സയില്‍ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ മുതലുള്ള ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 208 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്.