വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം കെയ്റോയിൽ; പ്രതീക്ഷയുണ്ടെന്ന് വൈറ്റ്ഹൗസ്
മസ്ജിദുൽ അഖ്സയിൽ കടന്നുകയറി ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗവിർ
ദുബൈ: അമേരിക്കൻ സന്ദർശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിനിടെ, വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ.ഇസ്രായേൽ സംഘം ചർച്ചക്കായി കെയ്റോയിൽ എത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി ബ്രെട്ട് മക് ഗുർകും കെയ്റോയിലെത്തും.കെയ്റോയും ദോഹയും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഗസ്സയിൽ വെടിനിർത്തൽ വരുന്നതോടെ ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും അയവ് വരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
അതിനിടെ, തിങ്കളാഴ്ച വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടക്കാനിരിക്കെ, തെക്കൻ ഗസ്സയിലെത്തിയ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തി. ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് മുന്നറിയിപ്പില്ലാതെ നെതന്യാഹു ഗസ്സ സന്ദർശിക്കുന്നത്.ലക്ഷ്യം നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നെതന്യാഹു.
അതേസമയം, ഹമാസിനെയും മറ്റും വെടിനിർത്തൽ ചർച്ചയിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗവിർ മസ്ജിദുൽ അഖ്സയിൽ കടന്നുകയറി. ഉടമ്പടികളില്ലാതെ ബന്ദികളുടെ മോചനത്തിനുവേണ്ടി പ്രാർഥിക്കാനാണ് മസ്ജിദുൽ അഖ്സയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ബെൻഗവിറിന്‍റെ നടപടിക്കെതിരെ ഫലസ്തീൻ സമൂഹം രംഗത്തുവന്നു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം ഇസ്രായേൽ പാർലമെന്‍റ് തള്ളി. ഒമ്പതിനെതിരെ 68 വോട്ടുകൾക്കാണ് ഇസ്രായേൽ പാർലമെന്റായ കെനെസെറ്റ് പ്രമേയം തള്ളിയത്. ഇസ്രായേൽ രാഷ്ട്രത്തിനും പൗരന്മാർക്കും അപകടമാണ് ഫലസ്തീൻ രാഷ്ട്രമെന്ന് പ്രമേയം പറഞ്ഞു.