ലണ്ടനിൽ വൈദ്യുതി സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; ഹീത്രു വിമാനത്താവളം അടച്ചു, ഇരുട്ടിൽ തപ്പി പതിനായിരങ്ങൾ
പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു


ലണ്ടൻ: ലണ്ടനിൽ വൈദ്യുതി സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രു വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ് . ആയിരത്തിലധികം വിമാന സർവീസുകളെ ബാധിച്ചു. പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു.
"വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെത്തുടർന്ന്, ഹീത്രുവിൽ കാര്യമായ വൈദ്യുതി തടസം നേരിടുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ, മാർച്ച് 21 ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടും," അധികൃതര്‍ അറിയിച്ചു.
Due to a fire at an electrical substation supplying the airport, Heathrow is experiencing a significant power outage.
— Heathrow Airport (@HeathrowAirport) March 21, 2025
To maintain the safety of our passengers and colleagues, Heathrow will be closed until 23h59 on 21 March.
Passengers are advised not to travel to the airport… pic.twitter.com/7SWNJP8ojd
1,351 വിമാന സർവീസുകളെയെങ്കിലും ഇത് ബാധിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള സബ്‌സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തം കാര്യമായ വൈദ്യുതി തടസത്തിന് കാരണമാവുകയും 16,000 ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 150 ഓളെ പേരെ ഒഴിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ഫയർ എഞ്ചിനുകളെയും 70 ഓളം ഫയർമാൻമാരെയും വിന്യസിച്ചിട്ടുണ്ടെന്നും ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ലണ്ടനിലെ ഹില്ലിംഗ്ടൺ ബറോയിലെ ഹെയ്‌സിലാണ് സബ്‌സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കടുത്ത പുക മൂലം അകത്ത് തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും പ്രദേശവാസികളോട് ആവശ്യപ്പെട്ടു. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ലണ്ടൻ അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്ന് വിമാനത്താവള വക്താവ് ബിബിസിയോട് പറഞ്ഞു.
നിരവധി വിമാനങ്ങൾ ഇതിനകം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. വരുംദിവസങ്ങളിലും കാര്യമായ തടസങ്ങളുണ്ടായേക്കാമെന്ന് വിമാനത്താവള അധികൃതർ എഎഫ്‌പിയോട് വ്യക്തമാക്കി. ഹീത്രുവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്നത്തേക്ക് റദ്ദാക്കിയതായി എയർ ഇന്ത്യ എക്സിൽ അറിയിച്ചു. "കൂടുതൽ വിവരങ്ങൾക്കോ സഹായത്തിനോ ആയി +91 1169329333 / +91 1169329999 എന്ന നമ്പറിൽ ഞങ്ങളുടെ കേന്ദ്രത്തിലേക്ക് വിളിക്കുക. യുകെയിലേക്ക് പോകുന്ന ഉപഭോക്താക്കൾ, ദയവായി +44 203 757 2760 എന്ന നമ്പറിൽ ബന്ധപ്പെടുക." അറിയിപ്പിൽ പറയുന്നു.
📹 POWER BLAZE IN LONDON SHUTS DOWN UK’S BUSIEST AIRPORT, HEATHROW – REPORTS
— Sputnik (@SputnikInt) March 21, 2025
Firefighters are struggling to contain a major blaze at the Hayes electrical substation, causing evacuations and widespread power outages, Sky News reported.
Videos from social media pic.twitter.com/XwfAopJYvq
എന്നിരുന്നാലും, ലണ്ടനിലെ ഗാറ്റ്വിക്കിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ഇത് ബാധിക്കില്ല, ഹീത്രുവിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സ്പുട്നിക് ആണ് തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെച്ചത്. രാത്രി ആകാശത്ത് ഒരു തീജ്വാല പ്രത്യക്ഷപ്പെടുന്നതും വലിയൊരു പുകപടലം വായുവിലേക്ക് ഉയരുന്നതും വീഡിയോയിൽ കാണാം.