വഴക്കിനിടെ സഹോദരന്റെ തലയിൽ വെള്ളമൊഴിച്ചു; 68 കാരന് 30 വർഷത്തെ തടവ്!
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അനിയൻ വന്ന് തലയിൽ വലിയൊരു ഗ്ലാസ് വെള്ളമൊഴിച്ചു എന്നും രണ്ടാമത്തെ ഗ്ലാസിൽ വെള്ളമെടുത്ത് തനിക്ക് നേരെ വലിച്ചെറിഞ്ഞു എന്നുമാണ് പരാതി
ഫ്ളോറിഡ: ഭക്ഷണസാധനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ജ്യേഷ്ഠന്റെ തലയിൽ വെള്ളമൊഴിച്ച അനിയന്‍റെ മേല്‍ ചുമത്തിയത് 30 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ. ഫ്‌ളോറിഡ സ്വദേശിയായ ഡേവിഡ് ഷര്ഡമാൻ പവസനെയാണ് (68)കുറ്റം ചുമത്തി ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈം പൈയുടെ പേരിലാണ് ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് തർക്കമുണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അനിയൻ വന്ന് തലയിൽ വലിയൊരു ഗ്ലാസ് വെള്ളമൊഴിച്ചു എന്നും രണ്ടാമത്തെ ഗ്ലാസിൽ വെള്ളമെടുത്ത് തനിക്ക് നേരെ വലിച്ചെറിഞ്ഞു എന്നുമാണ് പരാതി. തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും പരാതിലുണ്ട്. എന്നാൽ താൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ലൈം പൈ ജ്യേഷ്ഠൻ എടുത്തു കഴിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ഡേവിഡ് പൊലീസിന് മൊഴി നൽകി.
എന്നാൽ സംഭവത്തിൽ ജ്യേഷ്ഠന് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും ജ്യേഷ്ഠന്‍റെ പരാതിയില്‍ ശാരീരിക ഉപദ്രവത്തിനും വധശ്രമത്തിനും കേസെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. മുപ്പത് വർഷം വരെ തടവും ആയിരക്കണക്കിന് ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.