​ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 4500ലേറെ വിദ്യാർഥികൾ; 388 സ്കൂളുകൾ തകർത്തു

ഇവരെ കൂടാതെ 231 അധ്യാപകരും സ്കൂൾ അധികൃതരും കൊല്ലപ്പെടുകയും 756 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Update: 2024-01-23 14:40 GMT
Advertising

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ​ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 4500ലേറെ വിദ്യാർഥികൾ. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ നടന്ന ആക്രമണത്തിൽ ആകെ 4551 വിദ്യാർഥികൾ കൊല്ലപ്പെടുകയും 8193 വിദ്യാർഥികൾക്ക് പരിക്കേറ്റതായും ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

108 ദിവസത്തിനിടെ ​ഗസ്സയിലും വെസ്റ്റ്ബാങ്കിലുമായാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇസ്രായേൽ കൊലപ്പെടുത്തിയവരിൽ 4510 വിദ്യാർഥികളും ​ഗസ്സയിലാണ്. ഇവിടെ 7911 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. 388 സ്കൂളുകളാണ് ഇസ്രായേൽ ബോംബിട്ട് തകർത്തത്.

ഇവരെ കൂടാതെ ​ഗസ്സയിൽ 231 അധ്യാപകരും സ്കൂൾ അധികൃതരും കൊല്ലപ്പെടുകയും 756 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ്ബാങ്കിൽ മാത്രം 41 വിദ്യാർഥികളെയാണ് ഇസ്രായേൽ സേന കൊലപ്പെടുത്തിയത്. 282 പേർക്ക് പരിക്കേറ്റു. 85 പേരെ അധിനിവേശ സേന അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇസ്രായേൽ ബോംബിട്ട് തകർത്തവയിൽ 281 സർക്കാർ സ്കൂളുകളും ഫലസ്തീൻ അഭയാർഥികൾക്കായി യുഎൻ ഏജൻസിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 65 സ്കൂളുകളും ഉൾപ്പെടുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ 38 സ്കൂളുകൾ ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്യുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതേസമയം, 108 ദിവസത്തിനിടെ ഗസ്സയിൽ 11,000 ഫലസ്തീൻ കുഞ്ഞുങ്ങളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയതെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. 7500 വനിതകളും കൊല്ലപ്പെട്ടു.‌ 7000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണെന്ന് സംശയിക്കുന്നു. ഇതിൽ 70 ശതമാനം പേരും കുട്ടികളും വനിതകളുമാണ്.

ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 25,900 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 63,000 ആയി. 70,000 വീടുകളാണ് ഇസ്രായേലിന്റെ ക്രൂരതയിൽ നിലംപരിശായത്. 2,90,000 പേർ ഭവനരഹിതരായി. കൂടാതെ 20 ലക്ഷത്തോളം ഫലസ്തീനികൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു കഴിഞ്ഞു.

ഏകദേശം 150 ആരോഗ്യ സ്ഥാപനങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 53 ഹെൽത്ത് സെന്ററുകളും 30 ആശുപത്രികളും പ്രവർത്തന രഹിതമായി. 122 ആംബുലൻസുകൾ ഉപയോഗശൂന്യമായി. ആശുപത്രികൾക്ക് നേരെയുള്ള ആക്രമണത്തിൽ 337 ആരോഗ്യ വിഭാഗം ജീവനക്കാരും 45 സിവിലിയൻ പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

കൂടാതെ 119 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. 99 ആരോഗ്യ പ്രവർത്തകരും 10 മാധ്യമപ്രവർത്തകരും ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ പിടിയിലാണ്. കുടിയിറക്കപ്പെട്ട ഫലസ്തീനികൾ താമസിക്കുന്ന കേന്ദ്രങ്ങൾ വളരെ മോശമായ അവസ്ഥയിലാണുള്ളത്. നാല് ​ലക്ഷം പേർക്ക് പകർച്ചവ്യാധികളും 8000ത്തിലധികം ​പേർക്ക് ഹെപ്പറ്റൈറ്റിസ് എ കേസും സ്ഥിരീകരിച്ചു.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News