ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം; അമേരിക്കയുടെ നിര്‍ദേശത്തെ തള്ളി നെതന്യാഹു
ഗസ്സയിലെ ഇസ്രായേലിന്‍റെ സൈനിക ആക്രമണം കുറയ്ക്കാനും യുദ്ധാനന്തരം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള യു.എസ് നിര്‍ദേശത്തെയാണ് നെതന്യാഹു നിരസിച്ചത്
ജറുസലെം: ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശത്തെ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ ഇസ്രായേലിന്‍റെ സൈനിക ആക്രമണം കുറയ്ക്കാനും യുദ്ധാനന്തരം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള യു.എസ് നിര്‍ദേശത്തെയാണ് നെതന്യാഹു നിരസിച്ചത്. ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.
ഫലസ്തീന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലല്ലാതെ യഥാർഥ സുരക്ഷ ലഭിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്‍റെ പ്രതികരണം. ഗസ്സയിലെ വിനാശകരമായ സൈനിക ആക്രമണത്തിന്‍റെ തീവ്രത കുറയ്ക്കാൻ ഇസ്രായേലിന് ഇതാണ് ശരിയായ സമയമെന്ന് ഈ ആഴ്ച ആദ്യം വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും സ്വദേശത്ത് എത്തിക്കുന്നതുവരെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു ആവർത്തിച്ച് പറഞ്ഞു. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ ഒരിക്കലും നടക്കില്ലെന്ന് ഇസ്രായേലി വിമര്‍ശകരുടെ വാദങ്ങളെ അദ്ദേഹം തള്ളി. ലക്ഷ്യം നേടിയെടുക്കാന്‍ മാസങ്ങളോളം മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ''ഒരു സമ്പൂർണ വിജയത്തിൽ കുറഞ്ഞ ഒന്നിലും ഞങ്ങൾ തൃപ്തിപ്പെടില്ല'' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിനെ സംരക്ഷിക്കാനും അറബ് രാജ്യങ്ങളെ ഏകീകരിക്കാനും ഇസ്രായേലിന്‍റെ മുഖ്യശത്രുവായ ഇറാനെ ഒറ്റപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാർഗമാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന് ആന്‍റണി ബ്ലിങ്കന്‍ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രം പിറന്നാൽ മാത്രമേ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനാകൂ എന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോറത്തില്‍ നിലപാട് വ്യക്തമാക്കി. ഗസ യുദ്ധം മേഖലയെ മുഴുവൻ വലിയ അപകടങ്ങളിലേക്ക് വലിച്ചിഴക്കും. ചെങ്കടലിലെ സംഘർഷങ്ങളിലും മേഖലയുടെ സുരക്ഷയിലും സൗദി അറേബ്യക്ക് വലിയ ആശങ്കയുണ്ട്. ഗസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണം. എന്നാൽ ഇത്തരമൊരു സൂചന ഇസ്രായേലിന്‍റെ ഭാഗത്തു നിന്ന് കാണുന്നില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഫലസ്തീൻ രാഷ്ട്രം ഇസ്രയേലിനെതിരായ ആക്രമണങ്ങളുടെ വിക്ഷേപണ കേന്ദ്രമായി മാറുമെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി.
സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകവും വിനാശകരവുമായ സൈനിക ആക്രമണമായിരുന്നു ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയത്. യുദ്ധത്തില്‍ 25000 ഫലസ്തീനികളെ ഇസ്രായേല്‍ കൊന്നൊടുക്കി. 2.3 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 80 ശതമാനം പേര്‍ക്കും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.