'ഞാൻ ദുഷ്ട, അവരെ നോക്കാനായില്ല'; അമിതമായി പാൽ നൽകിയും വിഷം കുത്തിവെച്ചും നവജാതശിശുക്കളെ കൊന്നു, നഴ്‌സ് കുറ്റക്കാരി

അസുഖമുള്ളതോ മാസം തികയാതെ ജനിച്ചതോ ആയ കുഞ്ഞുങ്ങളായിരുന്നു ലെറ്റ്ബിയുടെ ഇരകൾ

Update: 2023-08-19 12:25 GMT
Advertising

ലണ്ടൻ: യുകെയിൽ നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയയായ നഴ്‌സ് കുറ്റക്കാരിയെന്ന് കണ്ടെത്തൽ. 33കാരിയായ ലൂസി ലെറ്റ്ബിയാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും.

2015-2016 കാലയളവിൽ 7 നവജാതശിശുക്കളെയാണ് ലെറ്റ്ബി കൊലപ്പെടുത്തിയത്. ആറ് കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. കൗൺഡസ്സ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നിയോനേറ്റൽ യൂണിറ്റിൽ നഴ്‌സായി ജോലി ചെയ്യവേയായിരുന്നു ലെറ്റ്ബിയുടെ ക്രൂരത.

അസുഖമുള്ളതോ മാസം തികയാതെ ജനിച്ചതോ ആയ കുഞ്ഞുങ്ങളായിരുന്നു ലെറ്റ്ബിയുടെ ഇരകൾ. അമിതമായി പാൽ കൊടുത്തും ഞരമ്പിലേക്ക് വായു കടത്തിവിട്ടും ഇൻസുലിൻ കുത്തിവെച്ചുമായിരുന്നു ലെറ്റ്ബി കൃത്യം നടത്തിയിരുന്നത്. ശേഷം കുഞ്ഞുങ്ങളുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യും. എന്നാൽ ലെറ്റ്ബിയുടെ പരിചരണത്തിലിരിക്കുന്ന കുഞ്ഞുങ്ങളുടെ മരണനിരക്ക് വർധിക്കാൻ തുടങ്ങിയതോടെ ഡോക്ടർമാർ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെ വിവരമറിയിച്ചു.

ഇന്ത്യൻ വംശജനായ ശിശുരോഗ വിദ്ഗധൻ രവി ജയറാം അടക്കമുള്ളവർ ഉയർത്തിയ ആശങ്കകളാണ് ലെറ്റ്ബിയെ പിടികൂടുന്നതിന് സഹായകമായത്. ആദ്യമൊന്നും ലെറ്റ്ബിക്കെതിരെ നടപടിയെടുക്കാൻ അധികൃതർ കൂട്ടാക്കിയില്ലെങ്കിലും പിന്നീടിവർ പൊലീസിനെ സമീപിക്കുകയും പൊലീസ് അന്വേഷണമാരംഭിക്കുകയുമായിരുന്നു. ഇതിനിടെ ലെറ്റ്ബിക്കെതിരെ നഴ്‌സിംഗ് യൂണിയനിൽ പരാതിയെത്തിയെങ്കിലും ഇത് ഇവർക്കനുകൂലമായി പരിഹരിക്കപ്പെട്ടു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ 2018ലും 19ലും 2020ലും ലെറ്റ്ബിയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തി വരുന്ന വിചാരണയ്‌ക്കൊടുവിലാണ് ലെറ്റ്ബി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണത്തിൽ ലെറ്റ്ബിയുടെ വീട്ടിൽ നിന്ന് ഇവരുടെ കൈപ്പടയിലുള്ള കുറിപ്പുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളെ പരിപാലിക്കാനാവാത്തതിനാൽ താനവരെ കൊന്നുവെന്നും തനിക്ക് ജീവിക്കാനർഹതയില്ലെന്നുമൊക്കെ ലെറ്റ്ബി കുറിപ്പിലെഴുതിയതായാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

ലെറ്റ്ബി കൊലപ്പെടുത്തിയവരിലുണ്ടായിരുന്ന ഇരട്ടക്കുട്ടികളിലൊരാളുടെ അമ്മ പ്രതികരിച്ചത് മരിക്കുന്നതിന് തലേദിവസം കുഞ്ഞ് അലറിക്കരയുന്നത് താൻ കേട്ടിരുന്നുവെന്നാണ്. ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ കരച്ചിൽ അല്ലായിരുന്നു അതെന്നും കേട്ടു നിൽക്കാൻ ശേഷിയില്ലാത്ത വണ്ണമായിരുന്നു അതെന്നും അവർ പറയുന്നു.

അസുഖബാധിതനായ കുഞ്ഞായതിനാൽ അസ്വസ്ഥതകൾ മൂലം കരയുന്നതാവാമെന്ന് താൻ സമാധാനിച്ചുവെന്നും ഇത്തരമൊരു ക്രൂരത വിദൂരസ്വപ്‌നത്തിൽ പോലുമില്ലായിരുന്നെന്നും അവർ കോടതിയിൽ വികാരാധീനയായി. ഇരട്ടക്കുട്ടികളിൽ മറ്റേയാളെ ഇൻസുലിൻ കുത്തി വെച്ച് കൊല്ലാനും ലെറ്റ്ബി ശ്രമിച്ചെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. നിലവിൽ ആരോഗ്യവാനാണ് കുഞ്ഞ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News