'ഗസ്സ കരയാക്രമണത്തിനിടെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു'; സമ്മതിച്ച് ഇസ്രായേൽ
സൈന്യം പുറത്തുവിട്ട കണക്കിന്റെ ഇരട്ടിയാണ് യഥാർത്ഥ നാശനഷ്ടങ്ങളെന്ന് ഇസ്രായേൽ മാധ്യമങ്ങളായ ഹാരെറ്റ്‌സും വൈ നെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഗസ്സ സിറ്റി: ഹമാസിനെതിരായ നടപടി എന്ന പേരിൽ ഗസ്സയിൽ നടത്തിയ കരയാക്രമണത്തിൽ മരിച്ച സൈനികരുടെ കണക്ക് പുറത്തുവിട്ട് ഇസ്രായേൽ. നൂറിലേറെ സൈനികർ ഗസ്സ മുനമ്പിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചതായി വാർത്താ ഏജൻസിയായ 'എ.എഫ്.പി' റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ദക്ഷിണ ഗസ്സാ മുനമ്പിൽ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഔദ്യോഗികവൃത്തങ്ങൾ പുറത്തുവിട്ട പരിക്കേറ്റവരുടെ സൈനികരുടെ കണക്ക് കൃത്യമല്ലെന്ന് ഇസ്രായേൽ മാധ്യമമായ 'ഹാരെറ്റ്‌സ്' പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.
ഒക്ടോബർ ഏഴിനു നടന്ന ഹമാസ് മിന്നലാക്രമണത്തിനുശേഷം 425 സൈനികർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിരുന്നു. 1,593 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 559 പേർക്കും ഗസ്സ കരയാക്രമണത്തിലാണു പരിക്കേറ്റതെന്നും സൈനിക വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഒക്ടോബർ ഏഴിനുശേഷം ഹമാസ് ആക്രമണത്തിൽ സൈന്യത്തിനുണ്ടായ നഷ്ടങ്ങൾ പുറത്തുവന്നതിനും അപ്പുറത്താണെന്നാണ് ഇസ്രായേൽ പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ഇസ്രായേൽ മാധ്യമങ്ങളായ ഹാരെറ്റ്സും യെദിയോത്ത് അഹ്‌റോനോത്തുമാണ്(വൈ നെറ്റ് ന്യൂസ്) ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സൈന്യത്തിന്റെ കണക്കിനും ഇരട്ടി പരിക്കുകളുണ്ടായിട്ടുണ്ടെന്ന് ആശുപത്രിരേഖകളുടെ അടിസ്ഥാനത്തിൽ പത്രങ്ങൾ വ്യക്തമാക്കുന്നു.
ഒക്ടോബർ ഏഴിനും ഡിസംബർ പത്തിനും ഇടയിൽ സൈനികരും സിവിലിയന്മാരും ഉൾപ്പെടെ 10,548 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം. ഇതിൽ 471 പേർ ഗുരുതരാവസ്ഥയിലും 868 പേർ ഭേദപ്പെട്ട നിലയിലുമാണുള്ളത്. സൈനികരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ പരിശോധിക്കുമ്പോഴാണ് വലിയ അന്തരം വെളിപ്പെടുന്നതെന്ന് ഹാരെറ്റ്സ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സൈന്യത്തിന്റെ കണക്കും ആശുപത്രിയിലെ വിവരവും തമ്മിൽ വമ്പൻ വ്യത്യാസമുണ്ടെന്നാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.
സൈന്യത്തിന്റെ കണക്കിലും ഇരട്ടി വരും ആശുപത്രികളിലുള്ള സൈനികരെന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. അഷ്‌കെലോണിലെ ബർലിസായ് മെഡിക്കൽ സെന്ററിൽ മാത്രം 1,949 സൈനികർ കഴിയുന്നുണ്ട്. യുദ്ധത്തിനിടയിൽ 3,117 പേർ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. സൈന്യത്തിന്റെ കണക്കിൽ ആകെ 1,500 പേർക്ക് പരിക്കേറ്റെന്നു പറയുമ്പോഴാണ് ഒറ്റ ആശുപത്രിയിൽ രണ്ടായിരത്തോളം സൈനികരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.
5,000ത്തിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വൈ നെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 58 ശതമാനത്തിലേറെ പേരുടെ പരിക്കും ഗുരുതരമാണ്. പലർക്കും കൈയും കാലും ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പത്രം വെളിപ്പെടുത്തിയിട്ടുണ്ട്.
Summary: Over 100 Israeli troopers killed in Gaza ground offensive: Military