പിങ്ക് ഡയമണ്ട് ലേലത്തില്‍ പോയത് 460 കോടി രൂപയ്ക്ക്
ആദ്യത്തെ വില്യംസൺ വജ്രം 1947ൽ എലിസബത്ത് രാജ്ഞിക്ക് വിവാഹ സമ്മാനമായി ലഭിച്ചിരുന്നു
ഹോങ്കോങ്: ഒരു ഡയമണ്ട് ലേലത്തില്‍ പോയ തുക കേട്ടാല്‍ അമ്പരന്നുപോകും. വെള്ളിയാഴ്ച ഹോങ്കോങ്ങിലാണ് ഈ അസാധാരണ ലേലം നടന്നത്. പിങ്ക് ഡയമണ്ട് വിറ്റത് 49.9 മില്യൺ ഡോളറിനാണ്. അതായത് 460 കോടി രൂപയ്ക്ക്!
ക്യാരറ്റിന് ഏറ്റവും ഉയർന്ന വില എന്ന ലോക റെക്കോർഡാണ് ഇതിലൂടെ പിങ്ക് ഡയമണ്ട് സ്വന്തമാക്കിമാക്കിയിരിക്കുന്നത്. 11.15 കാരറ്റുള്ള അപൂർവയിനം ഡയമണ്ട് വില്യംസൺ പിങ്ക് സ്റ്റാർ എന്നാണറിയപ്പെടുന്നത്. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന വില കൊടുത്ത് ഒരാൾ സ്വന്തമാക്കുന്ന രണ്ടാമത്തെ വജ്രമെന്ന റെക്കോര്‍ഡും ഇനി പിങ്ക് ഡയമണ്ടിന് സ്വന്തം.
പേരോ വിശദാംശങ്ങളോ വെളിപ്പെടുത്താത്തയാൾ 460 കോടി രൂപയ്ക്കാണ് ഈ ഡയമണ്ട് സ്വന്തമാക്കിയിരിക്കുന്നത്. 23.60 കാരറ്റുള്ള ആദ്യത്തെ വില്യംസൺ വജ്രം 1947ൽ എലിസബത്ത് രാജ്ഞിക്ക് വിവാഹ സമ്മാനമായി ലഭിച്ചിരുന്നു. രണ്ടാമത്തേത് 59.60 കാരറ്റ് പിങ്ക് സ്റ്റാർ ഡയമണ്ട് ആണ്. അത് 2017ലെ ലേലത്തിൽ 71.2 മില്യൺ ഡോളറിന് വിറ്റു. നിറമുള്ള വജ്രങ്ങളിൽ ഏറ്റവും അപൂർവവും വിലപിടിപ്പുള്ളതുമാണ് പിങ്ക് വജ്രങ്ങൾ.
"ലോകോത്തര വജ്രങ്ങൾ സാമ്പത്തിക അസ്ഥിരതയുടെ സമയത്തും മികച്ച വിലയ്ക്ക് വിറ്റുപോകുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള വജ്രങ്ങളിൽ ചിലതിന് കഴിഞ്ഞ 10 വർഷത്തിനിടെ വില ഇരട്ടിയായി വർധിച്ചിട്ടുണ്ട്"- 77 ഡയമണ്ട്‌സിന്റെ മാനേജിങ് ഡയറക്ടർ ടോബിയാസ് കോർമിൻഡ് പറഞ്ഞു.