അബദ്ധത്തിൽ മൂന്ന് ബന്ദികളെ വെടിവെച്ചുകൊന്നെന്ന് സൈനിക വക്താവിന്‍റെ കുറ്റസമ്മതം; ഇസ്രായേലിൽ വന്‍ പ്രതിഷേധം
രാജ്യത്തിന്‍റെ വലിയ ദുഃഖമാണിതെന്നും സംഭവിച്ച അബദ്ധത്തിന്റെ പേരിൽ സൈന്യത്തെ കുറ്റപ്പെടുത്തരുതെന്നും നെതന്യാഹു ആവശ്യപ്പെട്ടു
ഗസ്സ സിറ്റി/ദുബൈ: ഗസ്സയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്‍റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വ്യാപക പ്രതിഷേധം. ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങൾ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ കാമറമാൻ സാമിർ അബൂദഖ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം, ഗസ്സയുടെ ഭരണം കൂടി ഏറ്റെടുക്കാൻ ഫലസ്തീൻ അതോറിറ്റി തയാറാകണമെന്ന് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിൽ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ പോരാട്ടം ശക്തമാണെന്ന് അൽഖസ്സാം ബ്രിഗേഡും വ്യക്തമാക്കി.
ഗസ്സയിൽ ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്ന് ബന്ദികളെ വെടിവച്ചുകൊന്നതെന്ന് ഇസ്രായേൽ സൈനിക വക്താവ് ഇന്നലെ രാത്രിയാണ് വെളിപ്പെടുത്തിയത്. തുടർന്ന് ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും രോഷാകുലരായി പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. രാജ്യത്തിന്‍റെ വലിയ ദുഃഖമാണിതെന്നും സംഭവിച്ച അബദ്ധത്തിന്റെ പേരിൽ സൈന്യത്തെ കുറ്റപ്പെടുത്തരുതെന്നും നെതന്യാഹു ആവശ്യപ്പെട്ടു. പ്രതിഷേധം തണുപ്പിക്കുന്നതിനായി ബാക്കിയുള്ള ബന്ദികളെ നയതന്ത്ര നീക്കത്തിലൂടെ മാത്രമായിരിക്കും ഇനി മോചിപ്പിക്കുകയെന്ന് സൈന്യം ബന്ധുക്കൾക്ക് ഉറപ്പുനൽകി. ബന്ദികളുടെ കൈമാറ്റത്തിന് ചർച്ചക്കൊരുക്കമാണെന്ന് ഖത്തർ ഉൾപ്പെടെ മധ്യസ്ഥരാജ്യങ്ങളെ ഇസ്രായേൽ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ കമാറമാൻ സാമിർ അബൂദഖയുടെ മരണം ഇസ്രായേലിന് മറ്റൊരു പ്രഹരമായി. അമേരിക്ക ഉൾപ്പെടെ ലോകരാജ്യങ്ങൾ കൊലയെ നിശിതമായി അപലപിച്ചു. അൽ ജസീറ റിപ്പോർട്ടർ വാഇൽ അൽ ദഹ്ദൂഹിനും ആക്രമണത്തിൽ പരിക്കേറ്റു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഹൈഫസ്കൂളിന് സമീപത്തായിരുന്നു ആക്രമണം. പരിക്കേറ്റ സാമിർ അബൂദഖ ചോരവാർന്നാണ് മരിച്ചത്. അഞ്ച് മണിക്കൂറിലേറെ നേരം സംഭവസ്ഥലത്തേക്ക് ആംബുലൻസ് കടത്തിവിടാൻ ഇസ്രായേൽ സേന അനുവദിച്ചില്ല.
കൊലയുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് അൽജസീറ കുറ്റപ്പെടുത്തി. റിപ്പോർട്ടർ അൽദഹ്ദൂഹിന്റെ കൈക്കും ഇടുപ്പിനുമാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ അടുത്തിടെയാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സയിൽ വീണ്ടും വാർത്താവിനിമയ ബന്ധം വിഛേദിച്ച ഇസ്രായേൽ നൂറുകണക്കിനാളുകളെ ഇന്നലെയും കൊന്നൊടുക്കി.
യുദ്ധം 70 നാളുകൾ പിന്നിടുമ്പോള്‍ ചെറുത്തുനിൽപ്പ് ഏറ്റവും ശക്തമായി തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു. പിന്നിട്ട അഞ്ചു നാളുകളിൽ നൂറിലേറെ സൈനിക വാഹനങ്ങൾ തകർക്കുകയും നിരവധി സൈനികരെ വകവരുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ യഥാർത്ഥ എണ്ണം ഇസ്രായേൽ മറച്ചുപിടിക്കുകയാണെന്നും അൽഖസ്സാം ബ്രിഗേഡ് ചൂണ്ടിക്കാട്ടി.
ലബനാൻ അതിർത്തിയിൽ യുദ്ധത്തിനുള്ള മുന്നൊരുക്കം ഇസ്രായേൽ ഊർജിതമാക്കി. എന്നാൽ, ലബനാനെതിരായ യുദ്ധത്തിൽനിന്ന് പിൻവാങ്ങണമെന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ലബനീസ് സൈനികർക്കെതിരായ നടപടിയെയും പെൻറഗൺ വിമർശിച്ചു. അതേസമയം ഹമാസിനെ തുരത്താനുള്ള യുദ്ധത്തിന് ബൈഡൻ ഭരണകൂടം പിന്തുണ ആവർത്തിച്ചു. റാമല്ലയിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തിയ ജെയ്ക് സള്ളിവൻ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകി. ഗസ്സയുടെ നിയന്ത്രണം കൂടി ഏറ്റെടുക്കാൻ ഫലസ്തീൻ അതോറിറ്റി സജ്ജമാകണമെന്ന് നിർദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
Summary: Hundreds march in Tel Aviv after Israeli armed forces killed 3 hostages by mistake