ബന്ദിമോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം തുടരുന്നു; റോഡുകൾ കൈയടക്കി സമരക്കാർ

‘രാഷ്ട്രീയ പ്രശ്നത്തിന് സൈനിക പരിഹാരമല്ല വേണ്ടത്’

Update: 2024-01-25 10:51 GMT
Advertising

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ടെൽ അവീവിലും ജെറുസലേമിലും പ്രതിഷേധം തുടരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങൾ അടക്കമുള്ള അയ്യായിരത്തോളം പേരാണ് ടെൽ അവീവ് നഗരത്തിൽ ബുധനാഴ്ച രാത്രി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രധാന അയലോൺ ഹൈവേയും യെദിയോത്ത് അ​ഹ്രോനോത്തിലെ കാപ്ലാൻ തെരുവും പ്രതിഷേധക്കാർ ഉപരോധിച്ചു.

ബന്ദികളുടെ ഫോട്ടോകളും ബാനറുകളും ഉയത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഉടൻ കരാറിലെത്തി വെടിനിർത്തുക, ബന്ദികളെ തിരികെ കൊണ്ടുവരിക, രാഷ്ട്രീയ പ്രശ്നത്തിന് സൈനിക പരിഹാരമില്ല തുടങ്ങിയ സന്ദേശങ്ങളാണ് ബാനറുകളിലുണ്ടായിരുന്നത്. ലോകം നിർത്തൂ, നമ്മുടെ സഹോദരങ്ങൾ അവിടെയുണ്ട് എന്ന മുദ്രാവക്യവും സമരക്കാർ മുഴക്കി. ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിച്ചതോടെ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ജെറൂസലേമിലെ കിങ് ജോർജ് സ്ട്രീറ്റിലും നിരവധി പേർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ‘ഞങ്ങളുടെ സഹോദരിമാർ ബന്ദികളാക്കപ്പെട്ടിരിക്കുന്നു, സ്ത്രീകൾ തെരുവിലിറങ്ങുകയാണ്’ എന്ന ​മുദ്രാവക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

ഈജിപ്ത്, ഖത്തർ എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ചകൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.

ഹമാസിന്റെ കൈവശം 137 ബന്ദികളുണ്ടെന്നാണ് കണക്ക്. ഇവരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ​പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ കനത്ത സമ്മർദ്ദമാണ് ഉയർന്നിട്ടുള്ളത്. എന്നാൽ, ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാൻ താൻ പ്രതിജ്ഞാബദ്ധനല്ലെന്ന് ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് സർക്കാർ ഭാഗത്തുനിന്ന് വരുന്നത്.

ഹമാസുമായി കരാറിലെത്താൻ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ രണ്ട് മാസം വെടിനിർത്താമെന്ന നിർദേശമാണ് ഇസ്രായേൽ മുന്നോട്ടുവെച്ചതെന്ന് റിപ്പോർട്ടുണ്ട്.

ഇതാദ്യമായാണ് ഇത്രയും ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ സന്നദ്ധ അറിയിക്കുന്നതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പൂർണമായ വെടിനിർത്തലെന്ന ഹമാസിന്റെ ആവശ്യം ഇ​പ്പോഴും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല. ഇതിനാൽ തന്നെ വെടിനിർത്തലും ബന്ദിമോചനവും നീണ്ടുപോവുകയാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News