മോചിതരായ ബന്ദികൾ നന്ദി പ്രകടിപ്പിച്ചില്ലെന്ന്; ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭാര്യയുടെ പരാമർശത്തിൽ പ്രതിഷേധം

മോചിതരായ ബന്ദികളാരും തനിക്കും ഭർത്താവിനും നന്ദി പോലും പറഞ്ഞില്ലെന്നായിരുന്നു പരാമർശം

Update: 2024-03-23 15:41 GMT
Advertising

ഹമാസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഗസ്സയിൽനിന്ന് മോചിതരായ ബന്ദികളെ കുറ്റപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ. മോചിതരായ ആരും തനിക്കും ഭർത്താവിനും ഇതുവരെ നന്ദി പോലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ അംഗവുമായിട്ടുള്ള സ്വകാര്യ സംഭാഷണത്തിനിടെ സാറ കുറ്റപ്പെടുത്തി. ഇസ്രായേലിലെ ന്യൂസ് 12 ആണ് ഇവരുടെ സംഭാഷണം പുറത്തുവിട്ടത്.

ഇവരുടെ പ്രസ്താവനക്കെതിരെ ഗസ്സയിൽനിന്ന് മോചിതരായി തിരിച്ചെത്തിയവരും അവരുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ബന്ദികളെ തിരികെ കൊണ്ടുവന്നതിന് സാറ നെതന്യാഹു ഉത്തരവാദിയാണെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ബന്ദിയായ മതൻ സങ്കൗക്കറുടെ മാതാവ് ഐനവ് സങ്കൗക്കർ പരിഹസിച്ചു. ‘എന്റെ മകൻ മതനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയാണെങ്കിൽ ഞാൻ സന്തോഷവതിയാണ്. മതനെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം അവൾക്കാണെങ്കിൽ അതിലും ഞാൻ സന്തോഷവതിയാണ്’ -അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘ക്ഷമിക്കണം, എന്നെ പിടികൂടുകയായിരുന്നു’ -എന്ന് 18കാരനായ ലിയാം ഓർ പറഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ മോചിതനായ ബന്ധു അൽമ ഓറും ഈ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.

‘എന്നെ തട്ടി​ക്കൊണ്ടുപോയതിൽ ക്ഷമിക്കണം, അടുത്ത തവണ ഞാൻ ഗസ്സയിൽ ഒരു അവധിക്കാലം ചെലവഴിക്കും’ - ഗസ്സയിൽനിന്ന് തിരിച്ചെത്തിയ യിഗിൽ യാക്കോവ് പ്രതികരിച്ചു.

തന്നെ തട്ടിക്കൊണ്ടുപോയതിൽ ഖേദിക്കുന്നതായി മായ റെഗെവ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇപ്പോഴും ബന്ദികളായ എ​ന്റെ സഹോദരീ സഹോദരൻമാരെ തിരികെ വീട്ടിലെത്തിക്കാതെ അവർ ഇങ്ങനെ ചെയ്യുന്നതിൽ ഞാൻ കൂടുതൽ ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം, മോചിതരായ ബന്ദികളെ സാറ കുറ്റപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്ന് കാണിച്ച് ഇസ്രായേൽ പ്രധാമന്ത്രിയുടെ ഓഫീസ് പ്രസ്താവനയുമായി രംഗത്തുവന്നു. ബന്ദികൾ നന്ദിയില്ലാത്തവരാണെന്ന് സാറ നെതന്യാഹു പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് തെറ്റാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ബന്ദികളുടെ കുടുംബവുമായുള്ള നിരവധി ചർച്ചകളിൽ സാറയും പ​ങ്കെടുത്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിനായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് അവർ ഈ മാസം ആദ്യം ഖത്തർ അമീറിന്റെ മാതാവിന് കത്തയച്ചിരുന്നു.

ഒക്‌ടോബർ 7ന് ബന്ദികളാക്കിയ ഇസ്രാ​​യേൽ സൈനികരടക്കമുള്ള 253 പേരിൽ 105 സിവിലിയന്മാരെ നവംബറിൽ ഹമാസ് വിട്ടയച്ചിരുന്നു. നാല് പേരെ അതിന് മുമ്പും മോചിപ്പിച്ചു. മൂന്ന് ബന്ദികളെ ഐ.ഡി.എഫ് മോചിപ്പിക്കുകയും 11 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ബാക്കി 130 പേർ ഇപ്പോഴും തടവിലാണ്. ഇതിൽ പലരും കൊല്ല​പ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസും അറിയിച്ചിരുന്നു.

അതേസമയം, ബന്ദികളെ മോചിപ്പിക്കണമെന്നും സർക്കാ​ർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇസ്രായേലിൽ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് തെൽഅവീവിൽ കൂറ്റൻ പ്രകടനമാണ് അരങ്ങേറുന്നത്. ഹമാസുമായി കരാറിലെത്തി ബന്ദികളെ മോചിപ്പിക്കുക, തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News