'അവരുടെ തലയിൽ മിസൈൽ വർഷിക്കണം'; ദുവാ ലിപയ്ക്കും ബെല്ല ഹദീദിനും മിയ ഖലീഫയ്ക്കുമെതിരെ കൊലവിളിയുമായി ഇസ്രായേൽ റാപ്പ്

യുദ്ധസമയത്ത് സാധാരണ വിഷാദ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറുള്ള ഇസ്രായേല്‍ സൈനിക റേഡിയോ കൊലവിളി റാപ്പിന് ഇടംനൽകി ഇത്തവണ ആ പതിവും തെറ്റിച്ചിരിക്കുകയാണ്

Update: 2024-02-17 07:36 GMT
Editor : Shaheer | By : Web Desk
Advertising

തെൽഅവീവ്: ഗസ്സയിലെ ഇസ്രായേൽ നരഹത്യയെ വിമർശിച്ച സെലിബ്രിറ്റികളെ കൊന്നൊടുക്കാൻ ആഹ്വാനവുമായി റാപ്പ് സംഗീതം. 'ഹർബു ദർബു' എന്ന പേരിലാണ് കടുത്ത വംശീയാധിക്ഷേപവും പ്രകോപനവുമായി റാപ്പ് ഇസ്രായേലിൽ തരംഗമാകുന്നത്. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അൽബേനിയൻ-ബ്രിട്ടീഷ് ഗായിക ദുവാ ലിപ, ഫലസ്തീൻ-അമേരിക്കൻ മോഡൽ ബെല്ല ഹദീദ്, ലബനീസ്-അമേരിക്കൻ നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മിയ ഖലീഫ ഉൾപ്പെടെയുള്ളവരെ പേരെടുത്തു പറഞ്ഞാണ് റാപ്പിലെ കൊലവിളി.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ പുറത്തിറക്കിയ റാപ്പ് ഇപ്പോൾ ഇസ്രായേലിൽ ദേശീയഗാനം പോലെയാണ് സൈന്യവും യുദ്ധത്തെ പിന്തുണയ്ക്കുന്നവരും ആഘോഷിക്കുന്നത്. നവംബറിൽ റിലീസ് ചെയ്ത റാപ്പ് വിഡിയോ ഇതിനകം 1.8 കോടി പേരാണു യൂട്യൂബിൽ കണ്ടുകഴിഞ്ഞിട്ടുള്ളത്.

അവരുടെ തലയ്ക്കുമീതെ വിളയാടാനിതാ ഐ.ഡി.എഫ്(ഇസ്രായേൽ സൈന്യം) യൂനിറ്റുകളൊന്നാകെ വരുന്നുവെന്നു പറഞ്ഞാണ് റാപ്പ് തുടങ്ങുന്നത്. നിങ്ങൾക്കുമേൽ മഴപോലെ മിസൈലുകൾ വർഷിക്കുമെന്നും (ഫലസ്തീൻ ജനതയെ) പിന്തുണച്ചവർക്കും പദ്ധതിയിട്ടവർക്കും കൃത്യം നടത്തിയവർക്കുമെല്ലാം പണിവരുന്നുണ്ടെന്നുമെല്ലാം ഭീഷണി തുടരുന്നുണ്ട് ഇതിൽ.

തുടർന്നാണ് ഓരോരുത്തരെ പേരെടുത്ത് പറഞ്ഞുള്ള ഭീഷണി. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല, ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് തലവൻ മുഹമ്മദ് ദയ്ഫ്, ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ എന്നിവരുടെ പേരുവിളിച്ചുപറഞ്ഞാണു തുടക്കം. തുടർന്നാണ് ബെല്ല ഹദീദ്, ദുവാ ലിപ, മിയ ഖലീഫ തുടങ്ങിയവർക്കെതിരെയും കൊലവിളി നടത്തുന്നത്. അബു ബക്ലാവ എന്നു വിളിച്ച് ഫലസ്തീനികൾക്കും അറബികൾക്കുമെതിരെ വംശീയാധിക്ഷേപവും നടത്തുന്നുണ്ട് ഇതിൽ. പശ്ചിമേഷ്യൻ മധുരപലഹാരമായ ബക്ലാവയെ സൂചിപ്പിച്ചാണു പരാമർശം.

വരാനുള്ളതെല്ലാം എല്ലാ നായ്ക്കൾക്കും കിട്ടുമെന്ന് ഭീഷണി തുടരുന്നു. ഐ.ഡി.എഫ് യൂനിറ്റുകളെല്ലാം നിങ്ങളുടെ തലയ്ക്കു മീതെ യുദ്ധവും യാതനയും അഴിച്ചുവിടാൻ കോപ്പുകൂട്ടുകയാണെന്നു പറഞ്ഞാണ് റാപ്പ് അവസാനിപ്പിക്കുന്നത്. യുവ ഇസ്രായേൽ സംഗീതജ്ഞരായ നെസ്യ ലെവി(നെസ്), ഡോർ സോറോകർ(സ്റ്റില്ല) എന്നിവരാണ് റാപ്പിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് വിഡിയോയിൽ റാപ്പ് അവതരിപ്പിക്കുന്നതും. സ്റ്റില്ലയാണ് നിർമാതാവ്.

ടൈംസ് ഓഫ് ഇസ്രായേൽ, ജറൂസലം പോസ്റ്റ്, വൈനെറ്റ് ഉൾപ്പെടെ മുഖ്യധാരാ ഇസ്രായേൽ മാധ്യമങ്ങളെല്ലാം പാട്ട് കൊണ്ടാടുകയാണ്. റാപ്പ് പ്രക്ഷേപണം ചെയ്ത് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് നടത്തുന്ന റേഡിയോ സ്‌റ്റേഷനായ ഗൽഗലാറ്റ്‌സ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധസമയത്ത് സാധാരണ വിഷാദ ഗാനങ്ങളാണ് ഐ.ഡി.എഫ് റേഡിയോയിൽ പ്രക്ഷേപണം ചെയ്യാറുള്ളത്. എന്നാൽ, കൊലവിളിയും ആക്രോശവും നടത്തുന്ന റാപ്പിന് ഇടംനൽകി ആ പതിവും തെറ്റിച്ചിരിക്കുകയാണ് സൈന്യം.

റാപ്പിനെതിരെ വലിയ തോതിൽ വിമർശനവും ഉയരുന്നുണ്ട്. സ്വന്തം സംസ്‌കാരത്തിൽ ഒരു വംശഹത്യയ്ക്ക് ആഹ്വനം ചെയ്യാൻ പോലും അവർക്കാകില്ലെന്നാണ് മിയ ഖലീഫ പ്രതികരിച്ചത്. അതിനായി ഒരു വാക്കിനെ കൈയേറിയിരിക്കുകയാണ് അവരെന്നും മിയ വിമർസിച്ചു. സിറിയയിൽ പ്രചാരത്തിലുള്ള 'ഹർബു ദർബു' എന്ന അറബ് പ്രയോഗമാണ് റാപ്പിന്റെ പേരിലും വരികളിലും എടുത്ത് ഉപയോഗിച്ചരിക്കുന്നത്. വിനാശം, യുദ്ധം, വാളും ആക്രമണവും എന്നൊക്കെയാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. ശത്രുവിനെ നിലംപരിശാക്കുക, ശത്രുവിനെതിരെ തകർത്തുകളയുക എന്നൊക്കെയുള്ള അർത്ഥത്തിലാണ് ഇത് ഉപയോഗിച്ചുവരുന്നത്.

യുദ്ധക്കൊലവിളിയാണിതെന്നാണ് ജൂത മാധ്യമമായ 'ദി ഫോർവാഡ്' റാപ്പിനെ വിശേഷിപ്പിച്ചത്. ഗസ്സയിൽ നടത്തുന്ന വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് പാട്ട് ചെയ്യുന്നതെന്ന് അൽജസീറ, മിഡിലീസ്റ്റ് ഐ ഉൾപ്പെടെയുള്ള അറബ് ഇംഗ്ലീഷ് മാധ്യമങ്ങൾ വിമർശിച്ചു. എന്നാൽ, വിഡിയോ ലോകമെങ്ങും പ്രകോപനം സൃഷ്ടിക്കുന്നതിൽ സന്തോഷമാണുള്ളതെന്നാണ് അണിയറ പ്രവർത്തകർ പ്രതികരിച്ചത്. തങ്ങളൊരു ശക്തമായ രാജ്യവും സൈന്യവും ആണെന്നും എല്ലാവരും അറിയട്ടെയെന്നും എല്ലാവർക്കും കിട്ടാനുള്ളത് കിട്ടുമെന്നും പ്രസ്താവനയിൽ ഇവർ പ്രതികരിച്ചു.

Summary: Rap song calling for 'death' of Bella Hadid, Dua Lipa and Mia Khalifa for Gaza ceasefire stance tops Israeli charts

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News