'രാജ്യത്തെ ഒന്നിപ്പിക്കും, വാക്കുകൾ കൊണ്ടല്ല, പ്രവൃത്തിയിലൂടെ'; ആദ്യ പ്രസംഗത്തിൽ ഋഷി സുനക്

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്

Update: 2022-10-26 09:51 GMT
Advertising

ലണ്ടൻ: 50 ദിവസത്തിനിടെ ബ്രിട്ടന്റെ മൂന്നാം പ്രധാനമന്ത്രിയായ ഋഷി സുനക് തന്റെ നയങ്ങൾ വ്യക്തമാക്കി ആദ്യ പ്രസംഗം നടത്തി. രാജ്യത്തെ താൻ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൊണ്ട് തന്നെ ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ബ്രിട്ടനിലെ ജനങ്ങൾക്കായി താൻ രാപ്പകൽ പ്രവർത്തിക്കുമെന്നും സമഗ്രത, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവ ഗവൺമെൻറിനുണ്ടാകുമെന്നും ജനങ്ങളുടെ വിശ്വാസം താൻ ആർജിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രസംഗ വീഡിയോ ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചിരുന്നു.

'ഇപ്പോൾ, നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കോവിഡിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. യുക്രൈനിലെ പുടിന്റെ യുദ്ധം ലോകമെമ്പാടുമുള്ള ഊർജ്ജ വിപണികളെയും വിതരണ ശൃംഖലകളെയും അസ്ഥിരപ്പെടുത്തി' സുനക് പറഞ്ഞു.

'എന്റെ മുൻഗാമിയായ ലിസ് ട്രസിന് നന്ദിയറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അവർ ആഗ്രഹിച്ചു. മാറ്റമുണ്ടാക്കാൻ അവർ അക്ഷീണം പ്രയത്‌നിച്ചതിനെ ഞാൻ ആദരിക്കുന്നു' ഋഷി സുനക് വ്യക്തമാക്കി.

സാമ്പത്തിക സുരക്ഷിതത്വവും ആത്മവിശ്വാസവും ഗവൺമെൻറിന്റെ പ്രധാന അജണ്ടയായിരിക്കുമെന്നും അതായത് ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് കാലത്ത് സ്വീകരിച്ച അനുകമ്പയുള്ള നടപടികൾ ഇപ്പോഴുള്ള പ്രശ്‌ന പരിഹാരത്തിലും സ്വീകരിക്കുമെന്നും വ്യക്തമാക്കി. വരും തലമുറയെ കടക്കാരാക്കി മാറ്റില്ലെന്നും പറഞ്ഞു.

'പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ അവിശ്വസനീയമായ നേട്ടങ്ങൾക്ക് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും, 2019-ൽ നമ്മുടെ പാർട്ടി നേടിയ ജനവിധി ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ലെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്കറിയാം. നമുക്കെല്ലാവർക്കും അവകാശപ്പെട്ടതും ഒന്നിപ്പിക്കുന്നതുമായ ഒരു ജനവിധിയാണത്. ആ വിജയത്തിന്റെ കാതൽ നമ്മുടെ പ്രകടനപത്രികയാണ്. അതിലെ വാഗ്ദാനം ഞാൻ നിറവേറ്റും' പ്രസംഗത്തിൽ ഋഷി ചൂണ്ടിക്കാട്ടി.

ശക്തമായ ആരോഗ്യ സംവിധാനം, മികച്ച സ്‌കൂളുകൾ, സുരക്ഷിത തെരുവുകൾ, അതിർത്തികളുടെ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, ബ്രെക്സിറ്റിന്റെ അവസരങ്ങളെ ഉൾക്കൊള്ളുന്ന ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക തുടങ്ങിയവക്കായി പ്രയത്‌നിക്കുമെന്നും ഋഷി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി കോടിക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ചിരിക്കെ ഇപ്പോഴത്തെ നിമിഷം ബുദ്ധിമുട്ടേറിയതാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രത്തിലെ ആദ്യ ഏഷ്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക വിദഗ്ധൻ കൂടിയാണ് ഋഷി സുനക്. 42 വയസ്സാണ് പ്രായം. ബ്രിട്ടനിൽ 200 വർഷത്തിനിടെ സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്.

വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുകയാണ് ഋഷിയുടെ വേരുകൾ. ജനിച്ചതും വളർന്നതുമെല്ലാം ബ്രിട്ടനിൽ. പഠിച്ചത് ഓക്സ്ഫഡ്, സ്റ്റാൻഫോഡ് അടക്കമുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽ. അഭിമാനിയായ ഹിന്ദുവായാണ് ഋഷി എപ്പോഴും സ്വയം പരിചയപ്പെടുത്തുന്നത്. ഹിന്ദുവെന്നു പരിചയപ്പെടുത്തുക മാത്രമല്ല, ജീവിതത്തിലും മതം നിഷ്ഠയായി കൊണ്ടുനടക്കുന്നു.

2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. 2020 ഫെബ്രുവരിയിൽ സാജിദ് ജാവിദ് രാജിവച്ച ഒഴിവിൽ ബ്രിട്ടീഷ് ധനമന്ത്രിയായി ഋഷി സുനക് നിയമിതനായി. ബോറിസ് ജോൺസൺ വിവാദങ്ങളിൽപ്പെട്ട് രാജിവെച്ചതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസും ഋഷി സുനകും തമ്മിലായി മത്സരം. ലിസ് ട്രസ് ഋഷിയെ പിന്തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെങ്കിലും 45 ദിവസത്തിനുള്ളിൽ രാജിവെച്ചു. ഇതോടെയാണ് ബ്രിട്ടനെ നയിക്കാനുള്ള ദൗത്യം ഋഷിയിലേക്ക് എത്തിയത്.

'ജനാധിപത്യത്തിന്റെ മരണം'; ഋഷി സുനകിനെ ബ്രിട്ടീഷ് മാധ്യമങ്ങൾ വരവേറ്റത് ഇങ്ങനെ

ആരാണ് നിങ്ങൾക്ക് വോട്ട് ചെയ്തത്..?, ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രി.. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ ബ്രിട്ടണിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ഇങ്ങനെ. രൂക്ഷ വിമർശനമാണ് മുൻനിര, മാധ്യമങ്ങളിൽ നിന്നടക്കം സുനക് നേരിട്ടുകൊണ്ടിരിക്കുന്നത്.

'ഒരു വോട്ട് പോലും നേടാതെ മറ്റൊരു ടോറി (ബ്രിട്ടനിലെ യാഥാസ്ഥിതിക പാർട്ടിയംഗം) ഇതാ അധികാരത്തിൽ എത്തിയിരിക്കുന്നു. ഒരു രാജാവിനേക്കാൾ ധനികൻ പക്ഷേ, സാധാരണക്കാരെ കുറിച്ച് യാതൊരു ധാരണയുമില്ല'; ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു.

ജനാധിപത്യത്തിന്റെ മരണമെന്നായിരുന്നു മറ്റൊരു മാധ്യമമായ ഡെയ്ലി റെക്കോർഡിന്റെ വിമർശനം. 'ആഴ്ച്ചകൾക്ക് മുൻപ് സ്വന്തം പാർട്ടി പോലും സുനകിനെ തള്ളിയിരുന്നു. എന്നിട്ടുപോലും വെറും 100 യാഥാസ്ഥിതിക എംപിമാരുടെ പിന്തുണയുള്ള ഏക സ്ഥാനാർത്ഥി ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നു, ജനാധിപത്യത്തിന്റെ മരണം'; ഡെയ്ലി റെക്കോർഡിന്റെ വിശേഷണം ഇങ്ങനെ.

ഒറ്റ വോട്ടുപോലുമില്ലാത്ത പ്രധാനമന്ത്രി എന്ന പ്രഖ്യാപനത്തോടെയാണ് ദി ഇൻഡിപെൻഡൻഡ് ഋഷി സുനകിനെ വരവേറ്റത്. വിമർശനങ്ങൾക്ക് പിന്നാലെ പൊതുതെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ. ഇതുവരെ നാല് ലക്ഷത്തോളം ആളുകൾ പൊതുതെരഞ്ഞെടുപ്പിനെ പിന്തുണച്ച് വോട്ട് ചെയ്തിട്ടുണ്ടെന്നും മാധ്യമങ്ങൾ അവകാശപ്പെടുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഋഷി സുനകോ മറ്റ് അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി സുനക്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടൻറെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങുകൾ. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടൻറെ 57ആം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.

പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോർഡന്റ്, കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് പിന്മാറിയതോടെയാണ് ഋഷി സുനകിന് നറുക്ക് വീഴുന്നത്. ഈ വർഷത്തെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോൺസൺ രാജിവച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരത്തിൽ എത്തിയെങ്കിലും പ്രധാനമന്ത്രി കസേരയിലെ ചൂട് മാറുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു.

സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. നേരത്തെ കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളിൽ നടന്ന മത്സരത്തിൽ ഋഷിയെ ലിസ് ട്രസ് പരാജയപ്പെടുത്തിയിരുന്നു.

Rishi Sunak, Prime Minister of Britain, made his first speech outlining his policies

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News