'പ്രായമെന്നത് വെറും അക്കങ്ങളല്ലേ'; രണ്ടുവര്‍ഷംകൊണ്ട് 282 പർവതങ്ങള്‍ കീഴടക്കി 82 കാരന്‍
തന്റെ ഭാര്യക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചെന്നറിഞ്ഞപ്പോൾ ആദ്യം തകർന്നുപോയെങ്കിലും തോറ്റ് കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ തളർന്നിരിക്കുന്നവർക്ക് പ്രചോദനമാകുകയാണ് യു.കെയിൽ നിന്നുള്ള 82 കാരൻ. പ്രായം തളർത്താത്ത മനോവീര്യവുമായാണ് നിക്ക് ഗാർഡ്നർ എന്നയാൾ സ്‌കോർട്‌ലാൻഡിലെ 282 പർവതങ്ങൾ കീഴടക്കിയത്. 2020 ജൂലൈയിലാണ് നിക്ക് ഗാർഡ്നർ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെടുത്തു.
തന്റെ ഭാര്യക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചു എന്ന് അറിഞ്ഞപ്പോൾ ആദ്യം തകർന്നുപോയെങ്കിലും തോറ്റ് കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ പ്രശ്‌നങ്ങളിൽ നിന്ന് ഒന്ന് മാറി നിൽക്കുക എന്നതിനോടൊപ്പം രോഗിയായ ഭാര്യക്ക് തന്റെ യാത്രയിലൂടെ സന്തോഷവും അഭിമാനവും കിട്ടുമെന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മലകയറ്റത്തോടൊപ്പം തന്നെ അൽഷിമേഴ്സ് സ്‌കോട്ട്ലൻഡിനും റോയൽ ഓസ്റ്റിയോപൊറോസിസ് സൊസൈറ്റിക്കും വേണ്ടി ഫണ്ട് സ്വരൂപിക്കാനും അദ്ദേഹം ലക്ഷ്യമിട്ടു. യാത്രയിലൂടെ ഇതിനോടകം തന്നെ നല്ലൊരു തുക സ്വരൂപിക്കുകയും ചെയ്തു.
ഭാര്യ ജാനറ്റിന് അൽഷിമേഴ്സും ഓസ്റ്റിയോപൊറോസിസും ബാധിച്ചതിനെത്തുടർന്ന് അവരെ കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. 'അൽഷിമേഴ്സ് രോഗമുള്ളവർക്ക് എപ്പോഴും പരിചരണം ആവശ്യമാണ്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പരിചയസമ്പന്നനായ ഒരു മലകയറ്റക്കാരനാണ്. എന്റെ വാർദ്ധക്യം വകവയ്ക്കാതെയാണ് ഞാൻ കയറുന്നത്'. ജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മാത്രമല്ല, മലകയറ്റം തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിക്ക് ഗാർഡ്നർ സ്‌കോട്ട്ലൻഡിലെ 3,000 അടിയിലധികം ഉയരമുള്ള പർവതങ്ങളായ മൺറോസിൽ എത്തിയത്. പർവതാരോഹകനായ സർ ഹ്യൂ മൺറോയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡെവൺ, കോൺവാൾ തീരദേശ പാതയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.