ഇടക്കാല വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ച് യുക്രൈൻ; റഷ്യയും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്
സൗദി മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ തീരുമാനം


കിയവ്: യുക്രൈൻ വെടിനിർത്തലിന് സന്നദ്ധമായ പോലെ റഷ്യയും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 30 ദിവസത്തെ ഇടക്കാല വെടിനിർത്തലിന് സന്നദ്ധമായ യുക്രൈൻ പ്രസിഡന്‍റിനെ വീണ്ടും യുഎസിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുള്ള യുദ്ധ, ഇന്‍റലിജൻസ് സഹായങ്ങളും യുഎസ് പുനസ്ഥാപിക്കും. സൗദി മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ തീരുമാനം. നീക്കത്തിന് യൂറോപ്യൻ യൂണിയനും പിന്തുണ പ്രഖ്യാപിച്ചു.
30 ദിവസത്തെ ഇടക്കാല വെടിനിർത്തലിനാണ് യു.എസുമായുള്ള ചർച്ചയിൽ യുക്രൈൻ സന്നദ്ധമായത്. റഷ്യ കൂടി സമ്മതിച്ചാൽ ഇത് പ്രാബല്യത്തിൽ വരും. ഇരു കക്ഷികളും തയ്യാറെങ്കിൽ 30 ദിവസത്തിന് ശേഷം ദീർഘിപ്പിക്കുകയും ചെയ്യാം. യുക്രൈനിലേക്കുള്ള സഹായം, തടവുകാരുടെ കൈമാറ്റം, കുട്ടികളുടെ കൈമാറ്റം എന്നിവയിലും ധാരണയിലെത്തി. ദീർഘകാല സമാധാന ശ്രമത്തിലേക്ക് യുഎസും യുക്രൈനും ചർച്ച തുടരുമെന്നും സംയുക്ത പ്രസ്താവന പറയുന്നു. ഇതിൽ യൂറോപ്പിന്‍റെ പിന്തുണ ഉറപ്പാക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചക്ക് മുൻകൈയെടുത്ത സൗദിക്ക് ജിദ്ദയിലെ യോഗത്തിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ നന്ദി പറഞ്ഞു. പന്തിനി റഷ്യയുടെ കളത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
റഷ്യയിലേക്ക് യുഎസിന്‍റെ പ്രത്യേക ദൂതൻ നാളെ എത്തിയേക്കും. റഷ്യ യെസ് പറയുമെന്നാണ് കരുതുന്നതെന്ന് ട്രംപും പറഞ്ഞു. വെടിനിർത്തൽ കര, വ്യോമ, നാവിക മേഖലയിലെല്ലാം ബാധകമായിരിക്കുമെന്ന് തീരുമാനത്തിന് ശേഷം യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കി അറിയിച്ചു. ഇത് നടപ്പാക്കാൻ യുഎസ് റഷ്യയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓവൽ ഓഫീസിൽ ട്രംപും സെലൻസ്കിയും തമ്മിൽ നടന്ന വാഗ്വാദത്തിന് ശേഷം യുക്രൈനുള്ള യുദ്ധ, ഇന്‍റലിജൻസ് പിന്തുണ യുഎസ് പിൻവലിച്ചിരുന്നു. ഇത് യുഎസ് ഉടനടി പുനസ്ഥാപിക്കും. ഇതിന് പകരമായി യുക്രൈനിലെ ഖനന മേഖലയിലെ കരാർ യുഎസിന് നൽകും. ഇതു വഴി റഷ്യയുടെ ഭാവിയിലുള്ള ആക്രമണം കൂടി ചെറുക്കുകയാണ് ലക്ഷ്യം. എന്നാൽ നേരക്കെ യുക്രൈനുണ്ടായിരുന്ന യുഎസിന്‍റെ സുരക്ഷാ പിന്തുണ പുതിയ കരാറിൽ കൃത്യമല്ല. ഭൂപ്രദേശങ്ങൾ ഉൾപ്പെടെ എന്തെല്ലാം വിട്ടുവീഴ്ചകൾ യുക്രൈൻ നടത്തേണ്ടി വരുമെന്നതിലും വ്യക്തതയില്ല. സമാധാന ശ്രമങ്ങൾക്ക് യൂറോപ്യൻ യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.