ഗസ്സ വെടിനിർത്തലിനായി യുഎസ്; ട്രംപിന്റെ പ്രത്യേക ദൂതൻ ഖത്തറും ഇസ്രായേലും സന്ദർശിച്ചു
കൂടിക്കാഴ്ച ഖത്തർ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്
ന്യൂയോർക്ക്: ഗസ്സയിൽ വെടിനിർത്തൽ കരാറിനായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോർട്ട്. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് ദിവസങ്ങൾക്ക് മുൻപ് ഖത്തറും ഇസ്രായേലും സന്ദർശിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ബൈഡൻ ഭരണകൂടത്തിനും അറിയാമായിരുന്നു എന്നാണ് കരുതുന്നത്.
വിറ്റ്‌കോഫുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഖത്തർ പ്രധാനമന്ത്രി സ്ഥിരീകരിച്ചതായി സ്കൈ ന്യൂസ് റിപോർട്ട് ചെയ്യുന്നു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാനാണ് ശ്രമം. യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റിയും, ബന്ദി കൈമാറ്റത്തെപ്പറ്റിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഖത്തർ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
ജനുവരി ഇരുപതിനാണ് ട്രംപ് പ്രസിഡൻ്റായി ചുമതലയേൽക്കുന്നത്.