ഗസ്സയില്‍ നടക്കുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് യു.എസ് വ്യോമസേനാംഗം സ്വയം തീകൊളുത്തി
ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന് സ്വയം തീ കൊളുത്തി നിലത്തു വീഴുന്നതുവരെ എയർമാൻ ആക്രോശിച്ചുകൊണ്ടിരുന്നു.
വാഷിംഗ്ടണ്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് യു.എസ് വ്യോമസേനാംഗം സ്വയം തീകൊളുത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിക്ക് പുറത്ത് ഞായറാഴ്ചയാണ് സംഭവം.
തീ കൊളുത്തിയയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമസേനാംഗത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരാള്‍ക്ക് തീ പിടിക്കുന്നത് കണ്ട് ആളുകള്‍ സംഭവ സ്ഥലത്തേക്ക് ഓടിയതായി ഏജന്‍സി പറഞ്ഞു. യു.എസ് സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ ഇതിനകം തീ അണച്ചിരുന്നു.
സജീവമായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന എയര്‍മാനാണ് സംഭവത്തിന് പിന്നിലെന്ന് യു.എസ് എയര്‍ഫോഴ്‌സ് പറഞ്ഞു.
തീ കൊളുത്തതിന് മുമ്പ് വംശഹത്യയില്‍ താന്‍ പങ്കാളിയാകില്ലെന്ന് ട്വിച്ചില്‍ ലൈവിലൂടെ അയാള്‍ വിളിച്ച് പറഞ്ഞിരുന്നതായി യു.എസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന് സ്വയം തീ കൊളുത്തി നിലത്തു വീഴുന്നതുവരെ അദ്ദേഹം ആക്രോശിച്ചുകൊണ്ടിരുന്നു. ഈ ദൃശ്യങ്ങള്‍ ട്വിച്ചില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്ത് അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും ഇസ്രായേല്‍ എംബസി വക്താവ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.