ഹമാസ് ബന്ധം ആരോപിച്ച് യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ ഗവേഷകന്റെ നാടുകടത്തൽ തടഞ്ഞ് കോടതി
തിങ്കളാഴ്ച രാത്രി വിർജീനിയയിലെ വീടിന് പുറത്തുവെച്ചാണ് ബദർ ഖാൻ സൂരി അറസ്റ്റിലായത്


വാഷിങ്ടൺ: ഹമാസ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ ഗവേഷകന്റെ നാടുകടത്തൽ തടഞ്ഞ് കോടതി. ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയ കോടതിയിലെ ജഡ്ജി പട്രീഷ്യ ടോളിവർ ഗൈൽസ് ആണ് ഉത്തരവിട്ടത്. കോടതി മറ്റൊരു ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഗവേഷകനെ അമേരിക്കയിൽ നിന്ന് പുറത്താക്കരുതെന്ന് ജഡ്ജി വ്യക്തമാക്കി. ജോർജ് ടൗൺ സർവകലാശാലയിലെ ബദർ ഖാൻ സൂരിയെയാണ് കഴിഞ്ഞ ദിവസം ഫലസ്തീന്‍ അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്.
ബദർ ഖാൻ സൂരിയെ പ്രതികാരനടപടിയുടെ ഭാഗമായി പോലീസ് തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ നിശബ്ദമാക്കുക, അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തിന്റെയും ഫലസ്തീന്‍ അനുകൂല പ്രചാരണം നടത്തുന്ന മറ്റുള്ളവരുടെയും അറസ്റ്റെന്ന് അഭിഭാഷക കോടതിയിൽ വ്യക്തമാക്കിയിരുന്നു.
നാടുകടത്തൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം ഫയൽ ചെയ്ത അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു), സൂരിയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. നീക്കം ഭരണഘടനാവിരുദ്ധമാണെന്നും അഭിഭാഷക സോഫിയ ഗ്രെഗ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി വിർജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായത്. സൂരി ഹമാസ് പ്രചാരണം അനുകൂല പ്രചാരണം നടത്തുകയും സോഷ്യൽ മീഡിയയിൽ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ എക്‌സിൽ കുറിച്ചിരുന്നു. സൂരിയുടെ വീസ റദ്ദാക്കിയതായും തീവ്രവാദബന്ധം സംശയിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ് ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങില്‍ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ് ഡോ. ബദർ ഖാൻ സൂരി.