വെടിനിർത്തൽ കരാറിനോട് അടുത്തതായി യു.എസ്; ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ
സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാതെ ഒരു കരാറിലും ഒപ്പിടില്ലെന്ന് ആവർത്തിച്ച് ഹമാസ്
ദുബൈ: കൈറോ ചർച്ചയിലൂടെ ഗസ്സയിൽ വെടിനിർത്തൽ കരാർ നടപ്പാകുമെന്ന പ്രതീക്ഷയിൽ അമേരിക്ക. അടുത്തയാഴ്ച ആവസാനത്തോടെ കൈറോയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതാദ്യമായി കരാറിനോട് അടുത്തെത്തിയിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ ചർച്ചക്കുശേഷം ദോഹയിൽനിന്ന് മടങ്ങിയെത്തിയ സംഘവുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആശയവിനിമയം നടത്തി. വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കുമെങ്കിലും ആറാഴ്ചക്കുശേഷം ആക്രമണം പുനരാരംഭിക്കാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാതെ ഒരു കരാറിലും ഒപ്പിടില്ലെന്ന് ഹമാസ് ആവർത്തിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രായേലിൽ എത്തും. ഗസ്സ യുദ്ധത്തിനിടെ ബ്ലിങ്കൻ നടത്തുന്ന പത്താമത് ഇസ്രായേൽ സന്ദർശനം കൂടിയാണിത്.
ചർച്ചകൾക്കിടയിലും ഗസ്സയിൽ വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഖാൻ യൂനുസിൽ നിന്നും മറ്റും കൂടുതൽ ഫലസ്തീനികളെ ഇസ്രായേൽ സേന ഒഴിപ്പിച്ചു. ലബനാൻ - ഇസ്രായേൽ സംഘർഷവും രൂക്ഷമാണ്. അറുപതിലേറെ മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല അയച്ചു. ആറ് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സേന അറിയിച്ചു. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ നാല് പേർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഗസ്സയിൽ കാൽനൂറ്റാണ്ടിനിപ്പുറം ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്തിരിക്കെ, കുഞ്ഞുങ്ങൾക്ക് അടിയന്തരമായി വാക്സിൻ നൽകാൻ ഒരാഴ്ച വെടിനിർത്തൽ അനിവാര്യമാണെന്ന് ഐക്യരാഷ്ട സംഘടന ആവർത്തിച്ചു. രണ്ട് ഘട്ടമായി ഗസ്സയിൽ വാക്സിനേഷൻ കാമ്പയിൻ നടത്താനാണ് യു.എൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗസ്സയിലേക്ക് 1.6 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എത്തിക്കും.