ഗസ്സയിലെ വെടിനിർത്തൽ; യു.എൻ പ്രമേയം മൂന്നാം തവണയും വീറ്റോ ചെയ്ത് അമേരിക്ക
ഇസ്രായേലിന്‍റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുകയാണ്
ജറുസലെം: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ രക്ഷാസമിതി പ്രമേയം മൂന്നാം തവണയും അമേരിക്ക വീറ്റോ ചെയ്തു. ബന്ദിമോചനം മുൻനിർത്തിയുള്ള താൽക്കാലിക വെടിനിർത്തലിന് ശ്രമം തുടരുമെന്ന് അമേരിക്ക പറഞ്ഞു. ഇസ്രായേലിന്‍റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുകയാണ്. വടക്കൻ ഗസ്സയിൽ യു.എൻ സാഹയവിതരണവും നിലച്ചു. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയും ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണമുണ്ടായി.
ഗസ്സയിൽ അടിയന്തര മാനുഷിക ഇടപെടൽ മുൻനിർത്തി യു.എൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഉപാധിരഹിത വെടിനിർത്തൽ ഹമാസിന് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ നീക്കം. മൂന്നാം തവണയും രക്ഷാസമിതി പ്രപ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. തികച്ചും സങ്കടകരമാണ് വീറ്റോ നടപടിയെന്ന് ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രതികരിച്ചു. ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനു വേണ്ടി സ്വന്തം നിലക്ക് പ്രമേയവുമായി മുന്നോട്ടു പോകുമെന്ന് അമേരിക്ക അറിയിച്ചു. യു.എൻ രക്ഷാസമിതിയുടെ നിർദേശങ്ങൾ തള്ളുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ തുരത്തും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രതികരിച്ചു.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്നലെ വാദം നിരത്തിയ അൽജീരിയ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. മനുഷ്യത്വരഹിതമായ വിവേചന നടപടികളാണ് ഇസ്രായേൽ തുടരുന്നതെന്ന് നെതർലൻഡ്സിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ വുസി മഡോൺസെല പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ്. നൂറിലേറെ പേർ ഇന്നലെയും മരണപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 പിന്നിട്ടിരിക്കെ, റഫക്കു നേരെയുള്ള ഇസ്രായേൽ പടയൊരുക്കവും തുടരുകയാണ്. എന്നാൽ സൃത്യമായ സുരക്ഷാ പദ്ധതി തയാറാക്കാതെ റഫയെ അക്രമിക്കാൻ ഇസ്രായേൽ തയാറാകില്ലെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു.
ഗസ്സ മുനമ്പിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുവീഴുന്ന കുരുന്നുകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് കുട്ടികൾക്കായുള്ള യു.എൻ ഏജൻസി യുനിസെഫ് പറഞ്ഞു. ഇവിടെ 90 ശതമാനത്തിലേറെ കുട്ടികളും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണ്. 70 ശതമാനത്തിലേറെ കുട്ടികളിലും പകർച്ചവ്യാധി പിടിമുറുക്കുകയാണെന്നും സംഘടന പറഞ്ഞു. നാസർ ആശുപത്രിയിൽ വൈദ്യുതിയും വെള്ളവും മുടക്കിയാണ് ഇസ്രായേൽ ക്രൂരത തുടരുന്നത്. അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തിയതായി റിപ്പോർട്ടുണ്ട്.