ഗസ്സയിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ മൂന്നു ദിവസത്തെ ഭാഗിക വെടിനിർത്തലിന്​ സന്നദ്ധമെന്ന്​ ഇസ്രായേൽ

ഗസ്സയിൽ ഫലസ്തീനികളെ നിരന്തരം ഒഴിപ്പിക്കുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി യു.എൻ രക്ഷാസമിതി രംഗത്തെത്തി

Update: 2024-08-30 01:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സയിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ മൂന്നു ദിവസത്തെ ഭാഗിക വെടിനിർത്തലിന്​ സന്നദ്ധമെന്ന്​ ഇ​സ്രായേൽ. ഗസ്സയിൽ ഫലസ്തീനികളെ നിരന്തരം ഒഴിപ്പിക്കുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി യു.എൻ രക്ഷാസമിതി രംഗത്തെത്തി.

ഗസ്സയിൽ ഞായറാഴ്ച മുതൽ കുഞ്ഞുങ്ങൾക്ക്​ പോളിയോ വാക്സിൻ നൽകുന്നതിന്​ താൽക്കാലിക വെടിനിർത്തൽ വേണമെന്ന യു.എൻ അഭ്യർഥന അംഗീകരിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ പോളിയോ വാക്സിൻ നൽകുന്ന പ്രദേശങ്ങളിൽ മാത്രമായിരിക്കും ഭാഗിക വെടിനിർത്തലെന്നും ഇസ്രായേൽ വ്യക്​തമാക്കി. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്താൻ നിശ്​ചിത ദിവസത്തേക്ക്​ പൂർണ വെടിനിർത്തൽ വേണമെന്ന്​ യു.എൻ നിർദേശിച്ചു. ഗസ്സയിലുടനീളം വാക്സിൻ നൽകണമെങ്കിൽ ആക്രമണം നിർത്തണമെന്ന്​ യു.എൻ രക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു.

നിരന്തരമായി ഗസ്സയിൽ നിന്ന്​ ഫലസ്തീനികളോട്​ ഒഴിഞ്ഞു ​പോകാൻ ആവശ്യപ്പെടുന്ന ഇസ്രായേൽ നടപടിക്കെതിരെയും രക്ഷാസമിതി മുന്നറിയിപ്പ്​ നൽകി. അമേരിക്കയും ഇതിനെ പിന്തുണച്ചു. വെസ്റ്റ്​ ബാങ്കിൽ തുടരുന്ന ഇസ്രായേൽ അതിക്രമവും യു.എൻ രക്ഷാസമിതി ചർച്ച ചെയ്തു. ഗസ്സക്കു പിന്നാലെ വെസ്റ്റ്​ ബാങ്കിലും ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്​ രക്ഷാസമിതിയിൽ ചൈന താക്കീത്​ നൽകി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുൽക്​റം ഉൾപ്പെടെ വെസ്റ്റ്​ ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണങ്ങളിൽ നിരവധി പേരാണ്​ ​കൊല്ലപ്പെട്ടത്​.

ജെ​നി​ൻ, ന​ബ്‍ലൂ​സ്, തു​ബാ​സ് ന​ഗ​ര​ങ്ങ​ളി​ൽ സൈനിക നടപടി ഇന്നലെയും തുടർന്നു. ഭീ​ക​ര വി​രു​ദ്ധ പോ​രാ​ട്ട​ത്തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ക്ര​മ​ണമെന്ന്​ ഇ​സ്രാ​യേ​ൽ വിദേശകാര്യ മന്ത്രി അ​വ​കാ​ശ​പ്പെട്ടു. വെ​സ്റ്റ് ബാ​ങ്ക് ആ​ക്ര​മ​ണ​ത്തെ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫീസ് അ​പ​ല​പി​ച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്ന്​ യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ്​ ബോറൽ പറഞ്ഞു. പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഇസ്രായേൽ മന്ത്രിമാർക്കെതിരെ നടപടി വേണമെന്നും ബോറൽ ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News