ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയുടെ ആദ്യ വിമാനയാത്രക്കായി ആറു സീറ്റുകള്‍ ഇളക്കിമാറ്റി ടര്‍ക്കിഷ് എയര്‍ലൈന്‍സ്

തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് സന്‍ഫ്രാന്‍സിസ്‌കോയിലേക്കായിരുന്നു റുമെയ്‌സയുടെ ആദ്യ വിമാന യാത്ര

Update: 2022-11-09 11:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

അങ്കാറ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയെന്ന റെക്കോഡുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ തുര്‍ക്കി വനിതയുടെ ആദ്യ വിമാന യാത്രയും ചരിത്രത്തില്‍ ഇടം പിടിച്ചു. ഉയരക്കൂടുതല്‍ മൂലം പ്രതിസന്ധികള്‍ നേരിടുന്ന റുമെയ്‌സ ഗെല്‍ഗി എന്ന 24 വയസുകാരിയുടെ അമേരിക്കന്‍ യാത്രക്കായാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലെ ആറു സീറ്റുകള്‍ നീക്കം ചെയ്ത് സൗകര്യമൊരുക്കിയത്.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് സന്‍ഫ്രാന്‍സിസ്‌കോയിലേക്കായിരുന്നു റുമെയ്‌സയുടെ ആദ്യ വിമാന യാത്ര. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ ജോലി സംബന്ധമായി പുതിയ അവസരങ്ങള്‍ തേടുന്നതിനാണ് യുഎസില്‍ എത്തിയത്. ഉയരക്കൂടുതല്‍ മൂലം ഇതുവരെ വിമാനയാത്ര ചെയ്യാന്‍ ഗെല്‍ഗിക്ക് സാധിച്ചിരുന്നില്ല. റുമെയ്സാ ഗെല്‍ഗിക്ക് യാത്ര ചെയ്യാനായി ഇക്കോണമി ക്ലാസിലെ ആറ് സീറ്റുകളാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് നീക്കിയത്.


ആറോളം സീറ്റുകള്‍ ഒഴിവാക്കി അവിടെ സ്‌ട്രെച്ചര്‍ ഘടിപ്പിച്ച് അതില്‍ കിടന്നാണ് അവര്‍ 13 മണിക്കൂര്‍ യാത്ര ചെയ്തത്. ആദ്യ വിമാനയാത്രയുടെ അനുഭവം ഗെല്‍ഗി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് അവസരവും സഹായവും ഒരുക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച റുമെയ്‌സ ഇനിയും ഇത്തരത്തില്‍ യാത്ര ചെയ്യുമെന്നും വ്യക്തമാക്കി. നിരവധി പേരാണ് ഗെല്‍ഗിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. വിമാനയാത്രയുടെ ചിത്രങ്ങളും റുമെയ്‌സ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

2014ലാണ് ഗെല്‍ഗി ആദ്യമായി ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയത്. അന്ന് ഏറ്റവും ഉയരമുള്ള കൗമാരക്കാരിയെന്ന് റെക്കോര്‍ഡാണ് ഗെല്‍ഗി നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൈയുള്ള വനിത, ഏറ്റവും നീളമുള്ള വിരലുള്ള വനിത, ഏറ്റവും നീളമുള്ള ചുമല്‍ എന്നീ റെക്കോര്‍ഡുകളും ഗെല്‍ഗിയുടെ പേരിലാണ്.


ഏഴ് അടി 0.7 ഇഞ്ച് ഉയരവുള്ള റുമെയ്‌സ നിത്യജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. വീവര്‍ സിന്‍ഡ്രോം എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്‌സയുടെ ഈ ഉയരത്തിന് പിന്നില്‍. പ്രായത്തില്‍ കവിഞ്ഞ അസാധാരണ വളര്‍ച്ച, എല്ലുകള്‍ക്ക് അതിവേഗം പ്രായം കൂടുന്ന അവസ്ഥ, നടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്ന പ്രശ്‌നം, ശ്വാസതടസം, ഭക്ഷണം കഴിക്കുമ്പോള്‍ പ്രയാസം എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ദിനംപ്രതി അവര്‍ തേടുന്നത്. അതു മാത്രമല്ല, ഒന്ന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റില്ല. വാഹനങ്ങളില്‍ കയറാനോ യാത്ര ചെയ്യാനോ സാധിക്കുന്നില്ല.



 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News