കുത്തിയൊഴുകുന്ന നദി മുറിച്ചു കടന്ന് ഥാർ; കരയിലും വെള്ളത്തിലും ഓടുന്ന വണ്ടി ഉണ്ടാക്കേണ്ടി വരുമോ എന്ന് ആനന്ദ് മഹിന്ദ്ര
മഹിന്ദ്ര വാഹനങ്ങളുടെ കരുത്തും ശേഷിയും പരസ്യം ചെയ്യാൻ ഇത്തരം വീഡിയോകൾ ഉപകരിക്കുമെങ്കിലും അപകടകമായ ഈ പ്രവണത ആനന്ദ് മഹിന്ദ്ര പ്രോത്സാഹിപ്പിക്കരുതെന്ന് ട്വിറ്ററാറ്റി
വാഹനപ്രേമികൾക്കിടയിൽ കൃത്യമായ ഫാൻബേസുള്ള കമ്പനിയാണ് തദ്ദേശീയ നിർമാതാക്കളായ മഹിന്ദ്ര. പല ശ്രേണികളിലുള്ള വാഹനങ്ങൾ ഇറക്കുന്നുണ്ടെങ്കിലും കരുത്തുറ്റതും പരുക്കനുമായ ജീപ്പുകളും എസ്.യു.വികളുമാണ് മഹിന്ദ്രക്ക് ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ഓഫ്‌റോഡിലും പരുക്കൻ പ്രതലങ്ങളിലും അവിശ്വസനീയമായ പ്രകടനം കാഴ്ചവെക്കുന്ന മഹിന്ദ്ര വാഹനങ്ങൾ രാജ്യത്ത് നിരവധി റാലികളിൽ ചാമ്പ്യന്മാരായതിൽ അത്ഭുതമില്ല.
റോഡിലും ഓഫ് റോഡിലും കൂസലില്ലാതെ കുതിച്ചുപായുമെങ്കിലും, തങ്ങളുടെ ഏതെങ്കിലും വാഹനം വെള്ളത്തിൽ ഓടിക്കാനുള്ളതാണെന്ന് മഹിന്ദ്ര കമ്പനി അവകാശപ്പെടാറില്ല. എന്നാൽ സമീപകാലത്ത്, മറ്റു വാഹനങ്ങൾ നിന്നുപോയേക്കാവുന്ന വിധം വെള്ളക്കെട്ടും ഒഴുക്കുമുള്ള സന്ദർഭങ്ങളിൽ ബൊലേറോയും ഥാറും നടത്തിയ മികച്ച പ്രകടനങ്ങളുടെ വീഡിയോകൾ വാഹനപ്രേമികളുടെ മനംകവർന്നു. വൈറലായ ഈ വീഡിയോകൾ മഹിന്ദ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്രയുടെ ശ്രദ്ധയിലെത്തുകയും ചെയ്തു. ഇനിയിപ്പോൾ വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന 'ഉഭയ' (ആംഫിബയസ്) വാഹനങ്ങൾ ഇറക്കേണ്ടി വരുമോ എന്നാണ് അദ്ദേഹം സരസമായി ഇതിനോട് പ്രതികരിച്ചത്.
ഗുജറാത്തിലെ രാജ്‌കോട്ടിൽ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ, ടയറുകൾ മൂടുംവിധമുള്ള വെള്ളിറത്തിലുള്ള പൊലീസിന്റെ ബൊലേറോ അനായാസം കടന്നുപോകുന്ന വീഡിയോ ഹരിഷ് ദേവസി നൈനോൾഎന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ട് ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തത് ഇങ്ങനെ:
'ശരിക്കും? സമീപകാലത്തുണ്ടായ മഴയിലോ? സത്യംപറഞ്ഞാൽ ഞാനും അത്ഭുതപ്പെട്ടു പോയി...
ആയിരത്തോളമാളുകളാണ് ഇതിനോട് പ്രതികരിച്ച് ട്വീറ്റുകളിട്ടത്. ബൊലേറോ, ഥാർ, സ്‌കോർ്പപിയോ മഹിന്ദ്ര വാഹനങ്ങളുടെ കരുത്തിനെയും പരുക്കൻ സ്വഭാവത്തെയും അഭിനന്ദിക്കുന്ന അനുഭവവും വീഡിയോകളും പലരും പങ്കുവെച്ചു. അതേസമയം, മഹിന്ദ്ര വാഹനങ്ങളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ചവരുമുണ്ട്. ടയറിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമുള്ള വെള്ളത്തിൽ ടി.യു.വി നിന്നുപോയതും സെൻസറുകൾ മാറ്റാൻ വൻതുക ചെലവു വന്നതും ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ, സർവീസ് ചെയ്ത് മടുത്ത കാർ മറിച്ചിട്ട് ചെടികൾ വളർത്തേണ്ടി വന്ന അനുഭവമാണ് മറ്റൊരാൾ കുറിച്ചത്.
ഇതിനു പിന്നാലെ, സാമാന്യം നല്ല ഒഴുക്കുള്ള പുഴയിലൂടെ ഥാർ മുറിച്ചു കടക്കുന്നതിന്റെ യൂട്യൂബിൽ വൈറലായ വീഡിയോയും ആനന്ദ് മഹിന്ദ്ര പങ്കുവെച്ചു. വെള്ളം കുത്തിയൊഴുകുന്ന പുഴയിലേക്ക് സാഹസികമായി ഥാർ ഇറങ്ങുന്നതിന്റെയും ഒഴുക്കിൽ ഉലഞ്ഞിട്ടും മറുകരയിലെത്തുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
'ഗുജറാത്തിലെ പ്രളയത്തിലൂടെ ബൊലേറോ സഞ്ചരിക്കുന്ന വീഡിയോ ഞാൻ റീട്വീറ്റ് ചെയ്തപ്പോൾ നിങ്ങളിൽ പലരും യൂട്യൂബിൽ പ്രചരിക്കുന്ന ഈ വീഡിയോ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. 'മഹിന്ദ്ര ഉഭയ വാഹനങ്ങൾ' (എം.എ.വി) എന്നൊരു വിഭാഗം കൂടി തുടങ്ങേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.' - എന്ന കുറിപ്പോടെയായിരുന്നു ഇത്.
ഈ ട്വീറ്റിനോടും നിരവധി പേർ പോസിറ്റീവായി പ്രതികരിച്ചെങ്കിലും ഇത്തരം വീഡിയോകൾ പങ്കുവെക്കുന്നത് മോശം സന്ദേശമാവും നൽകുകയെന്ന് പലരും ചൂണ്ടിക്കാട്ടി. മഹിന്ദ്ര വാഹനങ്ങളുടെ കരുത്തും ശേഷിയും പരസ്യം ചെയ്യാൻ ഇത്തരം വീഡിയോകൾ ഉപകരിക്കുമെങ്കിലും അപകടകമായ ഈ പ്രവണത ഉന്നതപദവിയിലുള്ള ആനന്ദ് മഹിന്ദ്ര പ്രോത്സാഹിപ്പിക്കരുതെന്നാണ് അഭിപ്രായങ്ങൾ.