'600 കിലോമീറ്റർ റേഞ്ച്'; ഓഡി ക്യു8 ഇ- ട്രോൺ ഇന്ത്യയിലേക്ക്
ആഗോള തലത്തിൽ ഏറെ വിറ്റുപോയ ഇ-ട്രോൺ ഇലക്ട്രിക്കിന് പകരക്കാരനായണ് കമ്പനി ക്യു8 അവതരിപ്പിച്ചിരിക്കുന്നത്
ലക്ഷ്വറി വാഹനങ്ങളിൽ ഓഡി കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ നല്ല മാർക്കറ്റാണ്. ഓഡിയുടെ ഓരോ അപ്‌ഡേറ്റ്‌സുകൾക്കും വലിയ ആവേശത്തോടെയാണ് കാത്തിരിക്കുക. ഇപ്പോഴിതാ ജർമൻ ആഡംബര വാഹന നിർമാതാക്കൾ തങ്ങളുടെ ഏറ്റവും പുതിയ ക്യു8 ഇ-ട്രോൺ ഇലക്ട്രിക് എസ് യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിലാണ് കമ്പനി ഇക്കാര്യം പുറത്തുവിട്ടത്.
പുതിയ ക്യു8 ഇ-ട്രോൺ മോഡലുകളെ ഔഡി കഴിഞ്ഞ ദിവസമാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ആഗോള തലത്തിൽ ഏറെ വിറ്റുപോയ ഇ-ട്രോൺ ഇലക്ട്രിക്കിന് പകരക്കാരനായണ് കമ്പനി ക്യു8 നെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രേണിയിൽ ക്യു8 ഇ-ട്രോൺ, ക്യു8 ഇ-ട്രോൺ സ്‌പോർട്ബാക്ക്, എസ്‌ക്യു8 ഇ-ട്രോൺ, എസ്‌ക്യു8 ഇ-ട്രോൺ സ്പോർട്ബാക്ക് എന്നീ വ്യത്യസ്ത ബോഡി സ്‌റ്റൈലുകളാണ് തെരഞ്ഞെടുക്കാനാവുന്നത്.
റേഞ്ചും പെർഫോമൻസും വർധിപ്പിക്കുന്ന പുതിയ ബാറ്ററി പായ്ക്കുകളുടെ സാന്നിധ്യവും പുതിയ പതിപ്പിൽ ഉണ്ട്. ഇത് 582 കിലോമീറ്റർ വരെ ഓഫർ ചെയ്യുമെന്ന് കമ്പനി പറയുന്നു. 95 kWh ശേഷിയുള്ള വർധിച്ച ബാറ്ററിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. പരമാവധി 300 കിലോവാട്ട് പവറിൽ 664 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സ്പോർട്ബാക്ക് പതിപ്പ് 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വലിയ ബാറ്ററി പായ്ക്കിനൊപ്പം വരുന്ന എസ്‌ക്യു8, 370 kW കരുത്തിൽ 973 Nm ടോർക്കും ഒറ്റ ചാർജിൽ 513 കി.മീ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
നിലവിൽ ഓഡി നിരയിൽ എട്ട് ഇലക്ട്രിക് കാറുകളാണ് അണിനിരക്കുന്നത്. 2026 ഓടെ ഓഡി ഇത് ഇരുപതിലധികമായി വിപുലീകരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 2026 മുതൽ കമ്പനി ആഗോളതലത്തിൽ പൂർണമായും ഇലക്ട്രിക് മോഡലുകൾ മാത്രമേ അവതരിപ്പിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.