വിൽപ്പനയില്ല; പൾസർ 180 മോഡലിന് ബജാജിന്റെ 'ദയാവധം'

നേരത്തെ ബിഎസ് 6 എമിഷൻ നിയമങ്ങളെ തുടർന്ന് 2019 ൽ പൾസർ 180 ഒരു തവണ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിരുന്നു.

Update: 2022-08-26 02:17 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യൻ സ്‌പോർട്‌സ് ബൈക്ക് വിപണിയെ ജനകീയമാക്കി മാറ്റിയ മോഡലാണ് ബജാജ് പൾസർ. 2001 ൽ ഇന്ത്യൻ ഇരുചക്ര വിപണിയെ തന്നെ മാറ്റി മറിച്ചായിരുന്നു ബജാജ് പൾസർ പുറത്തിറക്കിയത്. പൾസർ 150, പൾസർ 180 എന്നീ രണ്ട് എഞ്ചിൻ കരുത്തിലുള്ള ലുക്കിൽ ഇരട്ടകളായ രണ്ടു പേരെയാണ് അന്ന് ബജാജ് അവതരിപ്പിച്ചത്. അതിൽ പൾസർ 180 ഇപ്പോൾ പിവൻവലിച്ചിരിക്കുകയാണ് ബജാജ്.

കുറഞ്ഞ ഡിമാൻഡാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ബജാജിനെ പ്രേരിപ്പിച്ചത്. നേരത്തെ തന്നെ പൾസർ 180 പിൻവലിക്കുന്നുവെന്ന സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും കമ്പനിയുടെ ഔദ്യോഗിക വൈബ്‌സൈറ്റിൽ നിന്ന് പേര് നീക്കം ചെയ്തതോടെ വിഷയത്തിൽ ബജാജ് ഒരു വ്യക്തത തന്നിരിക്കുകയാണ്. അതേസമയം വാഹനം പിൻവലിച്ചതിനെ കുറിച്ച് മറ്റ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ബജാജ് നൽകിയിട്ടില്ല.

നേരത്തെ ബിഎസ് 6 എമിഷൻ നിയമങ്ങളെ തുടർന്ന് 2019 ൽ പൾസർ 180 ഒരു തവണ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിരുന്നു. കുറച്ചു നാൾ 180 എഫ് എന്ന ഫെയറിങുള്ള മോഡലായിരുന്ന അതിന് പകരമുണ്ടായിരുന്നു. 2021 ഫെബ്രുവരിയിൽ പൾസർ 180 തിരിച്ചുകൊണ്ടുവന്നു. ഒന്നര വർഷത്തിനിപ്പുറം വീണ്ടും പൾസർ 180 നെ പിൻവലിച്ചിരിക്കുകയാണ് കമ്പനി.

178.6 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് പൾസർ 180യുടെ കരുത്ത്. 8,500 ആർപിഎമ്മിൽ പരമാവധി പവറായ 17 എച്ച്പിയും 6,500 ആർപിഎമ്മിൽ 14.2 എൻഎം എന്ന ഉയർന്ന ടോർക്കും ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നു ഈ എഞ്ചിന്. 5 സ്പീഡ് ഗിയർ ബോക്‌സായിരുന്നു ഘടിപ്പിച്ചിരുന്നത്.

ഹാലോജൻ എൽഇഡി ഹെഡ് ലാമ്പ്, ടെലിസ്‌കോപിക്ക് ഫോർക്ക്, മോണോ ഷോക്ക് സസ്‌പെൻഷനുകൾ, മുന്നിൽ 280 എംഎം ഡിസ്‌കും, പിന്നിൽ 230 എംഎം ഡിസ്‌കും നൽകിയിരുന്നു. എബിഎസ് സിംഗിൾ ചാനലായിരുന്നു. ഡിജിറ്റൽ + അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അപ്‌ഡേറ്റഡ് അല്ല എന്നൊരു പരാതി ഉപഭോക്താക്കൾക്കുണ്ടായിരുന്നു. 1,16,077 രൂപയായിരുന്നു വാഹനത്തിന്റെ കേരളത്തിലെ ഏറ്റവും അവസാനത്തെ എക്‌സ് ഷോറൂം വില.

പൾസറിനെ സ്‌നേഹിക്കുന്ന ആൾക്കാർക്ക് വലിയ നഷ്ടം തന്നെയാണ് 180 മോഡലിന്റെ പിൻമാറ്റം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News