ഇലക്ട്രിക് സ്കൂട്ടർ കത്തിയ സംഭവം: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
2023 ഫെബ്രുവരിയിൽ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വാഹനം പൂർണമായും നശിച്ചു
ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ച സംഭവത്തിൽ 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ തെലങ്കാനയിലെ ഉപഭോക്തൃ കമീഷന്റെ വിധി. ബെൻലിങ് ഇന്ത്യ എന്ന കമ്പനിയും ഡീലറുമാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2021 ഏപ്രിലിലാണ് പരാതിക്കാരൻ വാഹനം വാങ്ങുന്നത്. 2023 ഫെബ്രുവരിയിൽ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വാഹനം പൂർണമായും നശിച്ചു.
തുടർന്ന് പുതിയ സ്കൂട്ടർ നൽകുകയോ സ്‌കൂട്ടറിന്റെ വില പ്രതിവർഷം 18 ശതമാനം പലിശയോടെ തിരികെ നൽകുകയോ വേണമെന്ന് ഉടമ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ, പരാതി നൽകിയിട്ടും ബെൻലിങ് ഇന്ത്യയോ ഡീലറോ അദ്ദേഹത്തോട് പ്രതികരിച്ചില്ല.
ഇതോടെ 13.5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെവലിലേക്കായി 40,000 രൂപയും ആവശ്യപ്പെട്ട് ഉടമ ഉപഭോക്തൃ കോടതിയെ സമീപിച്ചു. കമ്പനിക്ക് ഉപഭോക്തൃ കമീഷൻ നോട്ടീസ് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
തുടർന്നാണ് നാശനഷ്ടങ്ങൾക്ക് 10 ലക്ഷം രൂപയും കോടതി ചെലവുകളിലേക്കായി 10,000 രൂപയും നൽകാൻ മേഡക്കിലെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചതിന്റെ കാരണം തിരിച്ചറിയേണ്ടത് നിർമാതാവിന്റെ ഉത്തരവാദിത്തമാണെന്ന് കമീഷൻ പ്രസിഡന്റ് ഗജ്ജല വെങ്കിടേശ്വരലുവും അംഗം മാക്കം വിജയ് കുമാറും അഭിപ്രായപ്പെട്ടു.
ചൈന ആസ്ഥാനമായുള്ള ബെൻലിങിന്റെ ഉപസ്ഥാപനമാണ് ബെൻലിങ് ഇന്ത്യ. ഓറ, ഫാൽക്കൺ, കൃതി എന്നീ മൂന്ന് സ്കൂട്ടറുകളാണ് ഇന്ത്യയിലുള്ളത്.