ഒരു ഫോർച്യൂണർ വിറ്റാൽ ടൊയോട്ടക്ക് ലഭിക്കുക 40,000 രൂപ, സർക്കാരിന് 18 ലക്ഷം രൂപ

അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓപ്പറേറ്റിങ് പ്രോഫിറ്റുള്ള വാഹന നിർമാണ കമ്പനി കിയയാണ്. ഒരു കാർ വിറ്റാൽ കിയക്ക്...

Update: 2022-05-18 03:50 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിൽ പ്രീമിയം എസ്.യു.വികളിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോഡലാണ് ടൊയോട്ടയുടെ ഫോർച്യൂണർ. വിലയിലും മുമ്പിൽ തന്നെയാണ് ഈ 4X4 എസ്.യു.വി. 31.79 ലക്ഷം മുതൽ 48.43 ലക്ഷം വരെ എക്‌സ് ഷോറൂം വിലയുള്ള ഫോർച്യുണറിന്റെ ടോപ് വേരിയന്റായ ജിആർ-എസിന്റെ കേരളത്തിലെ ഓൺറോഡ് വില അരക്കോടിയും കടന്ന് 61.48 ലക്ഷമാകും.

എന്നാൽ ഇത്രയും വിലയുള്ള ഫോർച്യൂണറിനെ കുറിച്ച് രസകരമായ ഒരു വിവരം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഒരു എസ്.യു.വി വിറ്റാൽ നിർമാണ കമ്പനിയായ ടൊയോട്ടക്ക് 40,000 രൂപ മാത്രമേ ലാഭമായി ലഭിക്കുന്നൂള്ളൂ. ഒരു ലക്ഷം രൂപ ഡീലർഷിപ്പിനും 18 ലക്ഷം രൂപ സർക്കാരിനും ലഭിക്കുന്നതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഉദാഹരണമായി 39.28 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയും 47.35 ലക്ഷം ഓൺറോഡ് വിലയുമുള്ള ടൊയോട്ടയുടെ ഒരു വേരിയന്റ് വാങ്ങുമ്പോൾ എക്‌സ് ഷോറൂം വിലയുടെ 2.5 ശതമാനം കമ്മീഷൻ ഡീലർഷിപ്പിന് ലഭിക്കുന്നു. ഇത് ഏകദേശം ഒരു ലക്ഷം രൂപ വരും. അടുത്തത് ജിഎസ്ടിയാണ്. 28 ശതമാനമാണ് ഫോർച്യൂണറിന്റെ ജിഎസ്ടി. കൂടാതെ 11 ശതമാനം ജിഎസ്ടി കോംപൻസേഷൻ സെസും വരും. യഥാക്രമം 5.72 ലക്ഷവും 7.28 ലക്ഷവുമാണ്. ഇത് കൂടാതെ രജിസ്‌ട്രേഷൻ ചാർജ്, റോഡ് നികുതി, ഡീസൽ വാഹനങ്ങളുടെ ഗ്രീൻ സെസ്, ഫാസ്ടാഗ് അങ്ങനെ എല്ലാം ചേർത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 18 ലക്ഷം രൂപ ലഭിക്കും.

ഈ കണക്ക് വച്ചു നോക്കിയാൽ 35,000 രൂപ മുതൽ 40,000 രൂപ വരെയാണ് ഒരു കാർ വിറ്റാൽ ടൊയോട്ടക്ക് ലാഭമായി ലഭിക്കുക.

കേരളത്തിലേക്ക് വന്നാൽ റോഡ് നികുതി സമ്പ്രദായത്തിലെ മാറ്റം കാരണം സർക്കാരിന്റെ വരുമാനം ഇനിയും കൂടും.

അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓപ്പറേറ്റിങ് പ്രോഫിറ്റുള്ള വാഹന നിർമാണ കമ്പനി കിയയാണ്. ഒരു കാർ വിറ്റാൽ 70,000 രൂപ കിയക്ക് ലഭിക്കും. മാരുതിക്കും ടാറ്റയ്ക്കും ലഭിക്കുന്നത് 40,000 രൂപ മുതൽ 45,000 രൂപ വരെയാണ്. ഹ്യൂണ്ടായിക്ക് ലഭിക്കുന്നത് 30,000 രൂപയാണ്.

ഓരോ കമ്പനിയുടെ വാർഷിക ഓപ്പറേറ്റിങ് റിപ്പോർട്ടാണ് ഈ കണക്കിന്റെ അടിസ്ഥാനം. ഒരു കാർ വിൽക്കാൻ കമ്പനിയുടെ ചെലവുകളായ ശമ്പളം, മാർക്കറ്റിങ്, പ്ലാന്റ് നിർമാണം എന്നിവ പരിഗണിച്ചാണ് ഓപ്പറേറ്റിങ് ലാഭം കണക്കാക്കുക. കാർ വിൽപ്പന കൂടാതെ സെപ്‌യർ പാർട്‌സും മറ്റും വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭവും വാഹന കമ്പനികൾക്ക് ലഭിക്കുന്നുണ്ട്.

ഡീലർക്ക് ലഭിക്കുന്ന തുകയിൽ നിന്ന് ഷോറൂം പരിപാലന ചെലവ്, ശമ്പളം, മറ്റു ചെലവുകൾ എല്ലാം കുറച്ച ശേഷം മാത്രമേ ലാഭം കണക്കാക്കാൻ പറ്റൂ.

Summary: Govt earns Rs. 18 lakh, Toyota earns Rs. 45,000 on each Fortuner sold in India

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News