കേരള പൊലീസിന്റെ പട്രോളിങ് ടീമില്‍ ഇനി ഇലക്ട്രിക് മോട്ടോര്‍ സൈക്കിളും
ആർ.വി 400 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് കേരള പൊലീസിന്റെ പട്രോളിങ് ടീം സ്വന്തമാക്കിയത്
ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ സ്‌കൂട്ടറുകളാണ് ഇലക്ട്രിക് ശ്രേണിയിൽ ഇടംപിടിച്ചതെങ്കിൽ പിന്നീട് ഇലക്ട്രിക് ബൈക്കുകളും ഈ നിരയിൽ സ്ഥാനം പിടിച്ചു. ഇപ്പോഴിതാ കേരളാ പൊലീസും ഇലക്ട്രിക് മോട്ടോർ സൈക്കിളിനെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയിരിക്കുകയാണ്. റിവോൾട്ടിന്റെ ആർ.വി 400 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് കേരള പൊലീസിന്റെ പട്രോളിങ് ടീം സ്വന്തമാക്കിയത്.
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പട്രേളിങ് ടീമിന് നൽകിയത്. നിലവിലെ വാഹനവ്യൂഹത്തിലേക്ക് 50 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ കൂടി കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത.് ഇവികളുടെ അനാച്ഛാദനവും ഫ്‌ളാഗ്ഓഫും എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. സേതു രാമൻ നിർവഹിച്ചു. പൊലീസ് സേനയുടെ ഹരിത സംരംഭങ്ങളുടെ ഭാഗമായാണ് ലോക പരിസ്ഥിതി ദിനത്തിൽ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2019 ആഗസ്റ്റ് മാസത്തിലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആര്‍.വി 300, ആര്‍.വി 400 മോഡലുകള്‍ അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളുടെ വില നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ആവശ്യക്കാര്‍ കൂടിയതിനെ തുടര്‍ന്ന് ബൈക്കിന്റെ ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ആര്‍.വി 400ന്റെ ആദ്യഘട്ട ബുക്കിങ്ങും വെറും രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചിരുന്നു. പരമാവധി ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്നും ബുക്കിങ് നിര്‍ത്തിയത്.