വിൽപനയിൽ റെക്കോർഡിട്ട് ലംബോർഗിനി; ഈ വർഷം ഒമ്പത് മാസം കൊണ്ട് വിറ്റത് 6,902 കാറുകൾ
നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഭാവിയിലും വിപണിയിൽ ശക്തമായ സാന്നിധ്യമാവാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
വിൽപനയിൽ റെക്കോർഡിട്ട് ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ ലംബോർഗിനി. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ 6,902 കാറുകളാണ് കമ്പനി വിറ്റത്. കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിൽപനനിരക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വളർച്ചയാണ് വിൽപനയിൽ ഉണ്ടായിട്ടുള്ളത്.
ഈ വർഷം ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ കമ്പനി വിൽപനയിൽ വലിയ മുന്നേറ്റം കുറിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ജനുവരി-ജൂൺ കാലയളവിൽ 4,852 കാറുകളാണ് കമ്പനി നിരത്തിലിറക്കിയത്. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന അർധവാർഷിക സെയിലായിരുന്നു ഇത്. കഴിഞ്ഞ വഷത്തെ അപേക്ഷിച്ച് 23% വളർച്ചയാണ് വിൽപനയിൽ കമ്പനി സ്വന്തമാക്കിയത്.
നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഭാവിയിലും വിപണിയിൽ ശക്തമായ സാന്നിധ്യമാവാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. 'ലംബോർഗിനി ബ്രാൻഡ് ഇപ്പോൾ തീർച്ചയായും ശക്തമായ നിലയിലാണ്. വി10, വി12, ഉറുസ് സൂപ്പർ എസ്.യു.വി തുടങ്ങിയ മികച്ച മോഡലുകൾ വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കും'-കമ്പനി സി.ഇ.ഒ സ്റ്റീഫൻ വിൻകൽമാൻ പറഞ്ഞു.
കഴിഞ്ഞ 18 മാസത്തെ കനത്ത പ്രതിസന്ധിയെ നേരിടുക മാത്രമല്ല അതിന്റെ ഉത്പാദനം വർധിപ്പിക്കുകയും ലോകവ്യാപകമായി ബിസിനസ് മെച്ചപ്പെടുത്തുകയും ഡീലർ നെറ്റ്‌വർക്ക് നിലനിർത്തുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ പ്രധാനപ്പെട്ട മൂന്ന് മേഖലകളിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ലംബോർഗിനി കാറുകൾ നിരത്തിലിറങ്ങിയത്. 2,401 യൂണിറ്റുകളാണ് ഒമ്പത് മാസത്തിനിടെ വിറ്റഴിക്കപ്പെട്ടത്. യൂറോപ്പ്-ആഫ്രിക്ക മേഖലയിൽ 2,622 യൂണിറ്റുകളും എഷ്യ-പെസഫിക് മേഖലയിൽ 1,873 യൂണിറ്റുകളുമാണ് നിരത്തിലിറങ്ങിയത്. എല്ലാ മേഖലയിലും കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന വിൽപന നിരക്കാണ് രേഖപ്പെടുത്തിയത്.