ഇംഗ്ലണ്ടിലെ വിൽപ്പന കണക്കിൽ ബിഎംഡബ്യുവിനെ മറികടന്ന് റോയൽ എൻഫീൽഡ് മിറ്റിയോർ 350
ഇപ്പോൾ ഐഷർ ഗ്രൂപ്പിന് കീഴിൽ റോയൽ എൻഫീൽഡ് എന്ന പേരിന്റെ ലൈസൻസും എടുത്ത് പൂർണമായും ഇന്ത്യൻ ബ്രാൻഡാണ് റോയൽ എൻഫീൽഡ്.
ഇന്ത്യൻ ബൈക്ക് പ്രേമികളുടെ വികാരങ്ങളിലൊന്നാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ. അവരുടെ ക്ലാസിക്ക് 350, ഹിമാലയൻ, മിറ്റിയോർ 350, അടുത്തിടെ ഇറങ്ങിയ ഹണ്ടർ തുടങ്ങി എല്ലാ മോഡലിനും ഇന്ത്യയിൽ ഒരു പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ആദ്യഘട്ടത്തിൽ ബ്രിട്ടണിൽ നിന്നാണ് റോയൽ എൻഫീൽഡ് ബൈക്കുകളുടെ പാർട്‌സുകൾ ഇറക്കുമതി ചെയ്തതെങ്കിൽ ഇപ്പോൾ ഐഷർ ഗ്രൂപ്പിന് കീഴിൽ റോയൽ എൻഫീൽഡ് എന്ന പേരിന്റെ ലൈസൻസും എടുത്ത് പൂർണമായും ഇന്ത്യൻ ബ്രാൻഡാണ് റോയൽ എൻഫീൽഡ്. കൃത്യമായി പറഞ്ഞാൽ തമിഴ്‌നാട്ടിലെ ചെന്നൈയാണ് റോയൽ എൻഫീൽഡിന്റെ ആസ്ഥാനം.
ഇന്ത്യയിൽ പഴയ പ്രതാപത്തിനൊപ്പം നിൽക്കാൻ സാധിക്കുന്നില്ലെങ്കിലും ആഗോളമാർക്കറ്റിൽ കരുത്താർജിക്കുകയാണ് റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് മിറ്റിയോർ 350 യുകെയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബൈക്കായി മാറിയിരിക്കുകയാണ് ഇപ്പോൾ. ബിഎംഡബ്യു ആർ 1250 ജിഎസിനെ മലർത്തിയടിച്ചാണ് മിറ്റിയോർ 350 ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബൈക്കായി മാറിയത്. 125 സിസി കരുത്തിന് മുകളിലുള്ള ബൈക്കുകളുടെ വിഭാഗത്തിലാണ് മിറ്റിയോറിന് ഈ നേട്ടം ലഭിച്ചത്. ചെന്നൈയിലെ പ്ലാന്റിൽ നിന്നാണ് ലോകത്ത് എല്ലായിടത്തേക്കും റോയൽ എൻഫീൽഡ് ബൈക്കുകൾ നിർമിക്കുന്നത്.
റോയൽ എൻഫീൽഡ് ആദ്യമായി ജെ സിരീസ് എഞ്ചിൻ അവതരിപ്പിച്ച മോഡലാണ് മിറ്റിയോർ 350. കൂടുതൽ മികച്ച റിഫൈൻമെന്റാണ് ഈ എഞ്ചിന്റെ പ്രധാന ഗുണം. ഇന്ത്യൻ വിപണിയിൽ ഹോണ്ട ഹൈനസ്, സിബി 350 എന്നിവയോട് മത്സരിക്കുന്ന മിറ്റിയോർ ഇന്ത്യയിലും മികച്ച വിൽപ്പന നേടുന്നുണ്ട്. 20.2 ബിഎച്ച്പി പവറും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ 350 സിസി എഞ്ചിൻ.
ഇത് ആദ്യമായല്ല റോയൽ എൻഫീൽഡ് യുകെയിലെ വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തുന്നത്. ഇന്റർസെപ്റ്റർ 650 എന്ന റോയൽ എൻഫീൽഡ് മോഡലും യുകെയിലെ വിൽപ്പന ചാർട്ടിൽ ഒന്നാമത്തെത്തിയിരുന്നു.