പ്രിയം കൂടിയ പട്ടികയിൽ ബൊലേറോയും ഥാറും; വിപണിയിൽ കുതിപ്പ് കാണിച്ച് മഹീന്ദ്ര
2023 ഫെബ്രുവരിയിലെ മഹീന്ദ്രയുടെ വിൽപ്പന 9.8 ശതമാനം വർധിച്ചുവെന്നാണ് കണക്കുകൾ
പുതിയ വർഷം വാഹന വിപണിയിൽ മഹീന്ദ്ര മുന്നേറ്റം നടത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസത്തെ കമ്പനിയുടെ വാഹനങ്ങളുടെ വിൽപനയിലെ മുന്നേറ്റം ഇതു സൂചിപ്പിക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 2022 ഫെബ്രുവരിയിൽ കമ്പനി 27,536 യൂണിറ്റുകൾ വിറ്റപ്പോൾ ഈ വർഷം ഫെബ്രുവരിയിൽ വിൽപ്പന 9.8 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ. അതായത് വിൽപ്പന 30,221 യൂണിറ്റായി ഉയർന്നു
അതേസമയം, പ്രതിമാസ വിൽപ്പന ജനുവരിയിൽ വിറ്റ 33,040 യൂണിറ്റുകളിൽ നിന്ന് 8.5 ശതമാനം ഇടിഞ്ഞതായും അതോടൊപ്പം 2022 ഫെബ്രുവരിയിലെ 9.1 ശതമാനത്തിൽ നിന്ന് വിപണി വിഹിതം കഴിഞ്ഞ മാസം 9.0 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വിപണിയിൽ ബൊലേറോ തന്നെയാണ് പ്രിയങ്കര മോഡൽ ജനുവരിയിലെ വിൽപനയിൽ 14 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സ്‌കോർപിയോയുടെ വിൽപനയും വർധിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ 2,610 യൂണിറ്റായിരുന്ന വിൽപ്പന 166 ശതമാനം മെച്ചപ്പെട്ട് 2023 ഫെബ്രുവരിയിൽ 6,950 യൂണിറ്റായി ഉയർന്നു.
2022 ഫെബ്രുവരിയിൽ വിറ്റ 5,072 യൂണിറ്റുകളിൽ നിന്ന് മഹീന്ദ്ര ഥാർ വിൽപ്പന ഒരു ശതമാനം ഇടിഞ്ഞ് 5,004 യൂണിറ്റുകളായി. അപ്പോൾ തന്നെ അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച ആർഡബ്ല്യുഡി മോഡലിന് ലഭിക്കുന്ന പിന്തുണ ഥാറിന് തുണയാവുന്നുണ്ട്. മോഡലിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. XUV700 വിൽപ്പന 2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 4,138 യൂണിറ്റുകളിൽ നിന്ന് 4,505 യൂണിറ്റുകളായി 9.0 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്.
XUV300 കോംപാക്ട് എസ്യുവിയുടെ വിൽപ്പന വാർഷിക അടിസ്ഥാനത്തിലും പ്രതിമാസ കണക്കുകളിലും യഥാക്രമം 16 ശതമാനവും 29 ശതമാനവും കുറഞ്ഞിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ 3,809 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മറാസോയുടെ വിൽപ്പന 2022 ഫെബ്രുവരിയിൽ വിറ്റ 147 യൂണിറ്റുകളിൽ നിന്ന് 2023 -ൽ 171 യൂണിറ്റായി ഉയർന്നതും നേട്ടമാണെന്ന് കമ്പനി പറയുന്നു