പാർക്കിങ്ങിന് പിഴ കിട്ടി മടുത്തു; 'അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, കാറ് വീടിന്റെ മേൽക്കൂരയിൽ കയറ്റി
മേൽക്കൂരയിൽ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്
തായ്‌പേയി: തായ്‌വാനിലെ ഒരു വീടിന്റെ മേൽക്കൂരയിൽ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒന്ന് മേൽക്കൂരയുടെ ഉയർന്ന ഭാഗത്തും മറ്റൊന്ന് അതിന് തൊട്ട് താഴെയുമാണ് പാർക്ക് ചെയ്തിരിക്കുന്നത്. അത്ഭുതത്തോടെ പലരും മൂക്കത്ത് വിരൽവെച്ചു. ഇതെങ്ങനെ സാധ്യമായി എന്നാണ് പലർക്കും അറിയേണ്ടത്. സംഗതിക്ക് പിന്നിൽ മറ്റൊരു കഥയുമുണ്ട്. തന്റെ അപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡരികിൽ വീട്ടുട കാർ പാർക്ക് ചെയ്യാറുണ്ട്. സ്ഥിരമായി ഇതിന് ഇയാൾക്ക് പിഴയും ചുമത്താറുമുണ്ട്. പിഴ കൂടിവന്നതോടെ സഹികെട്ട വീട്ടുടമസ്ഥൻ ക്രൈൻ വാടകക്കെടുത്ത് കാറുകളുയർത്തി വീടിന്റെ മേൽക്കൂരക്ക് മുകളിൽ വെച്ചു.
കെട്ടിടത്തെ ബാധിക്കില്ലേ എന്നായിരുന്നു പലർക്കും സംശയം. സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും അതിനാൽ രണ്ട് വാഹനങ്ങളുടെയും ഭാരം താങ്ങാൻ ഇത് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വാഹനങ്ങൾ മേൽക്കൂരയിൽ നിന്ന് ഇറക്കാൻ നഗരസഭാ അധികൃതർ ഇയാളോട് ആവശ്യപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ നിസാഹായ അവസ്ഥ അധികാരികളെ ബോധിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും വാഹനം താഴെ ഇറക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
തായ്പേയ് സ്വദേശിയുടെ പ്രവർത്തി പലരിലും അത്ഭുതമുളവാക്കുമെങ്കിലും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ പാർക്കിങ് പ്രശ്‌നം വലിയ തലവേദന തന്നെയാണ്. വാഹനപ്പെരുപ്പത്തിൽ പുതിയ നൂതന പാർക്കിങ് ആശയങ്ങളുടെ ചർച്ചയിലേക്കു ഈ ചിത്രം വഴിതെളിയിച്ചിട്ടുണ്ട്.