മറ്റാർക്ക് സാധിക്കുമിത്? ഈ വർഷം മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ പുറത്തിറക്കുന്നത് 12 പുതിയ മോഡലുകൾ
2024ൽ ഇന്ത്യയിൽ 200 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു
ഈ വർഷം മെഴ്സിഡസ് ബെൻസ് ഇന്ത്യൻ വിപണിയിലെത്തിക്കുക 12 പുതിയ മോഡലുകൾ. ഇതിൽ മൂന്നെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. ആറാം തലമുറ ഇ-ക്ലാസ്, പുതിയ ജി.എൽ.സി, നവീകരിച്ച ജി.എൽ.എ, ജി.എൽ.ബി, എ.എം.ജി ജി.ടി എന്നീ മോഡലുകളെല്ലാം ഇന്ത്യയിലേക്ക് വരും.
കഴിഞ്ഞവർഷം മികച്ച നേട്ടമാണ് ജർമൻ കമ്പനിക്ക് ഉണ്ടായത്. 17,408 യൂനിറ്റുകൾ വിൽക്കാനായി. 2022 നേക്കാൾ 10 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022 ൽ 15,822 യൂനിറ്റാണ് വിറ്റത്.
ബെൻസിന്റെ മൊത്തം വിൽപ്പനയുടെ 55 ശതമാനവും ജി.എൽ.സി, ജി.എൽ.ഇ, ജി.എൽ.എ തുടങ്ങിയ എസ്.യു.വികളാണ്.
2024ൽ ഇന്ത്യയിൽ 200 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. പുണെയിലെ ചക്കൻ പ്ലാന്റിലെ ഉൽപ്പാദനം വർധിപ്പിക്കാനാണ് ഫണ്ട് വിനിയോഗിക്കുക.
കൂടാതെ 10 പുതിയ നഗരങ്ങളിലായി സർവീസ് സെന്ററുകൾ ഉൾപ്പെടെ 20 പുതിയ കേന്ദ്രങ്ങൾ ഒരുക്കാനും പദ്ധതിയിടുന്നുണ്ട്. ഈ സെന്ററുകൾ ഹരിത ഊർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുക.
ഈ വർഷത്തെ ആദ്യ മോഡലായ പുതിയ ജി.എൽ.എസ് കഴിഞ്ഞദിവസം പുറത്തിറക്കി. രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. ജി.എൽ.എസ് 450 4മാറ്റിക്കിന്റെ എക്സ് ഷോറൂം വില 1.32 കോടി രൂപയാണ്. 1.37 കോടി രൂപ വിലയുള്ള ജി.എൽ.എസ് 450ഡി 4മാറ്റിക് ആണ് രണ്ടാമത്തെ വേരിയന്റ്.