അതിശയിപ്പിക്കുന്ന ഫീച്ചറുകൾ, അതിശയിപ്പിക്കുന്ന വിലയിൽ അത്ഭുതമായി എംജി ആസ്റ്റർ

ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഓട്ടോണമസ് ഡ്രൈവിങിനെ സഹായിക്കുന്ന അഡാസിന്റെ ലെവൽ 2 ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്.

Update: 2021-10-11 14:36 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യൻ വാഹന ഉപഭോക്താക്കളുടെ ഇഷ്ടങ്ങളിൽ വലിയൊരു ഷിഫ്റ്റ് നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഹാച്ച് ബാക്കുകളും സെഡാനുകളും കഴിഞ്ഞേ ബാക്കി കാറുകളുള്ളൂ എന്ന് വിചാരിച്ചിരുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ കൂടുതൽ ഇഷ്ടം കോംപാക്ട് എസ്.യു.വികളും എസ്.യു.വികളുമാണ്.

കഴിഞ്ഞമാസത്തെ ഇന്ത്യയിൽ ആകെ നിരത്തിലിറങ്ങിയ കാറുകളിൽ മൂന്നാം സ്ഥാനത്ത് ഒരു കോംപാക്ട് എസ്.യു.വിയാണ്. അതുകൊണ്ട് തന്നെ എല്ലാ വാഹന നിർമാതാക്കളും ഈ വിഭാഗത്തിൽ വലിയ ശ്രദ്ധ നൽകുന്നുണ്ട്. ഇന്ത്യയിൽ എസ്.യു.വി മാത്രം വിൽപ്പന നടത്തി ലാഭം നേടിയ വിദേശ കമ്പനിയാണ എംജി. അവരുടെ ഏറ്റവും പുതിയ എസ്.യു.വിയാണ് ആസ്റ്റർ. വാഹനം ആദ്യമായി ആഗോളവിപണിയിൽ അവതരിപ്പിച്ചത് മുതൽ വാഹനപ്രേമികൾ ഈ ആസ്റ്ററിന്റെ വരവിന് കാത്തിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നെങ്കിലും വിലയുടെ കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. ഇപ്പോഴിതാ അതിശയിപ്പിക്കുന്ന വിലയാണ് വാഹനത്തിന് എംജി പ്രഖ്യാപിച്ചിരിക്കുന്നത്. 9.78 ലക്ഷത്തിൽ ആരംഭിച്ച് 16.78 ലക്ഷത്തിൽ തീരുന്നതാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. പക്ഷേ ഈ വില ആദ്യം ബുക്ക് ചെയ്യുന്ന 5,000 പേർക്ക് മാത്രമാണ്. പിന്നീട് വാഹനത്തിന്റെ വില കൂടും.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ എഞ്ചിൻ, 1.3 ലിറ്റർ ടർബോ ചാർജഡ് 3 സിലിണ്ടർ എഞ്ചിൻ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ ഓപ്ഷനിൽ മാത്രമാണ് വാഹനം ലഭ്യമാകുക. 5 സ്പീഡ് മാനുവൽ, 8 സ്റ്റെപ്പ് സിവിറ്റി, 6 സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക്ക് എന്നീ ഗിയർ ബോക്‌സ് ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്.


ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും അവരുടെ തന്നെ ഇവി വാഹനമായ സെഡ് എസ് ഇവിയുടെ ഫേസ് ലിഫ്റ്റ് മോഡലാണ് ആസ്റ്ററിന്റെ ബേസ്. ഫീച്ചറുകൾ കുത്തിനിറച്ച വാഹനമാണ് എംജി ആസ്റ്റർ. 10.1 ഇഞ്ചോട് കൂടിയ ഇൻഫോർടൈൻമെന്റ് സിസ്റ്റത്തിൽ ജിയോയുടെ ഇ സിം പ്രീസെറ്റായി ലഭിക്കും.

ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഓട്ടോണമസ് ഡ്രൈവിങിനെ സഹായിക്കുന്ന അഡാസിന്റെ ലെവൽ 2 ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇതിന് വേണ്ടി ക്യാമറകളും മുന്നിലും പിന്നിലും സെൻസറുകളും റഡാറുകളും വാഹനത്തിലുണ്ട്. ഇതുപയോഗിച്ച് ഓട്ടോമാറ്റിക്ക് എമർജൻസി ബ്രേക്കിങ് ( എഇബി ), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഡിപാർച്ചർ വാർണിങ്, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാണ്.


ട്രാഫിക്കിൽ തൊട്ടുമുന്നിലുള്ള വാഹനത്തെ പിന്തുടർന്ന് വാഹനം തനിയെ നീങ്ങുന്ന സംവിധാനം, കൂട്ടിയിടി മനസിലാക്കി വാഹനം ഓട്ടോമാറ്റിക്കായി വാഹനം നിർത്തുന്ന സംവിധാനം ഇങ്ങനെ വിലകൂടിയ വാഹനങ്ങളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനങ്ങൾ ഇപ്പോൾ 9 ലക്ഷത്തിൽ ആരംഭിക്കുന്ന വാഹനത്തിൽ ലഭ്യമാകുന്നു എന്നതാണ് ആസ്റ്റർ തരുന്ന പ്രത്യേകത.

മാത്രമല്ല പുതിയ അപ്‌ഡേറ്റ് ചെയ്ത പേഴ്‌സണൽ അസിസ്റ്റന്റും വാഹനത്തിൽ ലഭ്യമാണ്. ഒക്ടോബർ 21നാണ് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുക

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News