ഭൂമിക്ക് വേണ്ടി വാഹനം നിർമിച്ച് മടുത്തു; ഇനി നിസാന്റെ വാഹനങ്ങൾ ചന്ദ്രനിലും
ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ-JAXA)യുമായി ചേർന്നാണ് നിസാന്റെ പദ്ധതികൾ.
ഇന്ത്യയിൽ നിലവിൽ വലിയ രീതിയിലുള്ള മാർക്കറ്റ് വിഹിതമൊന്നുമില്ലെങ്കിലും ആഗോള വിപണിയിൽ പുലിയാണ് ജപ്പാൻ കാർ നിർമാതാക്കളായ നിസാൻ. പക്ഷേ നിസാൻ ഇപ്പോൾ ഭൂമിയിലേക്ക് മാത്രം കാർ നിർമിച്ച് മടുത്തുവെന്നു തോന്നുന്നു. ഇനി ചന്ദ്രനിൽ ഓടിക്കാൻ പറ്റുന്ന റോവറുകൾ (Lunar Rover ) കൂടി നിർമിക്കാനാണ് നിസാന്റെ പദ്ധതി. അതിന്റെ ഭാഗമായി അവർ നിർമിക്കാൻ ഉദ്ദേശിക്കുന്ന റോവറിന്റെ പ്രോട്ടോടൈപ്പും അവർ പുറത്തുവിട്ടു. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ-JAXA)യുമായി ചേർന്നാണ് നിസാന്റെ പദ്ധതികൾ.
ഭൂമിയിൽ ഉപയോഗിക്കുന്ന ഇലക്ടിക് വാഹനങ്ങളുടെ സാങ്കേതികവിദ്യ ചന്ദ്രനിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ പരിഷ്‌കരിക്കുകയാണ് നിസാൻ ചെയ്യുന്നത്. അവർ ആഗോള വിപണിയിൽ അവതരിപ്പിച്ച ആര്യ എന്ന ഇവി വാഹനത്തിന്റെ ടെക്‌നോളജിയാണ് ഇതിന്റെ അടിസ്ഥാനം.
ചന്ദ്രനിലെ പ്രതലത്തിൽ നീങ്ങാനുള്ള തരത്തിലുള്ള സ്വഭാവവും സാങ്കേതികവിദ്യയും ജാക്‌സയുമായി ചേർന്ന് വികസിപ്പിക്കുകയാണ് കമ്പനിയെന്ന് നിസാന്റെ അഡ്വാവൻസ്ഡ് വെഹിക്കിൾ എഞ്ചിനീയറിങ് വിഭാഗം തലവൻ തൊഷിയോക്കി നഖജിമ്മ പറഞ്ഞു.