രണ്ടാം വരവിനൊരുങ്ങി ഒല; ഡിസംബർ 16 ന് വിൽപ്പന തുടങ്ങും
ആദ്യ ഘട്ടത്തിൽ സ്‌കൂട്ടർ ബുക്ക് ചെയ്തവർക്കു വില അടയ്ക്കാനുള്ള സമയപരിധി നവംബർ 10നു തന്നെ ആരംഭിക്കുമെന്നും ഒല വ്യക്തമാക്കിയിട്ടുണ്ട്.
ബുക്കിങ്ങിലും വിൽപ്പനയിലും റെക്കോർഡുകൾ സൃഷ്ടിച്ച ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ടാം ഘട്ട വിൽപ്പന ഡിസംബർ 16 ന് തുടങ്ങും. രണ്ട് വേരിയന്റുകളിലായി എത്തിയ ഒലയുടെ പർച്ചേസ് വിൻഡോ ഡിസംബർ 16 ന് തുറക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
എസ് വൺ, എസ് വൺ പ്രോ എന്നീ വേരിയന്റുകളിലായി ഓഗസ്റ്റ് 15 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വണ്ണിന്റെ അടിസ്ഥാന വില 99,999 രൂപയും എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ച് 48 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകൾ ലഭിച്ച് ഒല ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട് വിൽപ്പനയിലും സമാനമായ റെക്കോർഡ് സൃഷ്ടിക്കാൻ ഒലയ്ക്കായി. രണ്ട് ദിവസത്തെ വിൽപ്പനയിലൂടെ 1100 കോടി രൂപയാണ് ഒല നേടിയത്.
8.5 കിലോവാട്ട് പവറും 58 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകളുടെയുെ എൻജിൻ. എസ് വണ്ണിൽ 2.98 kwh ബാറ്ററി പാക്കും എസ് വൺ പ്രോയിൽ 3.97 kwh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ് വൺ പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ് വൺ 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കും. ഫാസ്റ്റ് ചാർജർ വഴി 18 മിനിറ്റിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയും. ഫുൾ ചാർജ് ആവാൻ എസ് വൺ 4.48 മണിക്കൂറും എസ് വൺ പ്രോ 6.30 മണിക്കൂറുമെടുക്കും.
അതേസമയം, ആദ്യ ഘട്ടത്തിൽ സ്‌കൂട്ടർ ബുക്ക് ചെയ്തവർക്കു വില അടയ്ക്കാനുള്ള സമയപരിധി നവംബർ 10നു തന്നെ ആരംഭിക്കുമെന്നും ഒല ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട ബുക്കിങ്ങിൽ വെയ്റ്റ് ലിസ്റ്റിലായ ഉപയോക്താക്കൾക്കുള്ള അറിയിപ്പിലാണു കമ്പനി പരിഷ്‌കരിച്ച സമയക്രമം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 15നും 16നുമായി നടന്ന ബുക്കിങ് ഘട്ടത്തിൽ 20,000 രൂപ അടച്ച് ബുക്കിങ് ഉറപ്പാക്കിയവർക്ക് സമയക്രമത്തിൽ മാറ്റമില്ലെന്നും ഒല ഇലക്ട്രിക് വ്യക്തമാക്കുന്നു. ടെസ്റ്റ് ഡ്രൈവിനുള്ള സമയം നിശ്ചയിക്കാൻ ഇവർക്ക് വൈകാതെ അവസരം ലഭിക്കുമെന്നാണ് ഒലയുടെ വാഗ്ദാനം. തുടർന്ന് നവംബർ 10 മുതൽ സ്‌കൂട്ടറിന്റെ വിലയുടെ ബാക്കി അടയ്ക്കാനും നിർദേശമുണ്ട്.