'ഒറ്റ ചാർജിൽ 200 കിലോമീറ്റർ'; നാല് ലക്ഷത്തിന്റെ കുഞ്ഞൻ കാർ നാളെയെത്തും
20hp പവർ ഉത്പാദിപ്പിക്കാൻ കഴിവുള്ള 10 Kwh ശേഷിയുള്ള ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു ഇത്തിരികുഞ്ഞൻ കാറാണ്. മുംബൈ ആസ്ഥാനമായുള്ള പിഎംവി ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് കാറായ EaS-E ആയിരുന്നു അത്. പേഴ്‌സണൽ മൊബിലറ്റി വെഹിക്കിൾ (പിഎംവി) എന്ന പുതിയ വിഭാഗത്തിൽ പെട്ട വാഹനം എന്ന തരത്തിലാണ് കാർ ചർച്ചയായത്. വാഹനം നാളെ വിപണിയിൽ അവതരിപ്പിക്കുകയാണ് നിർമാതാക്കൾ.
കുഞ്ഞൻ ഇലക്ട്രിക് മൈക്രോ കാറിന് ഏകദേശം 4 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വില. ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും ഉപയോഗിക്കാനാവുന്നൊരു ദൈനംദിന കാറായിരിക്കണം ഇതെന്നാണ് ബ്രാൻഡ് ആഗ്രഹിക്കുന്നത്. 2,915 മില്ലീമീറ്റർ നീളവും 1,157 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും ഉള്ളതിനാൽ സിറ്റി ഉപയോഗത്തിനായാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തമാണ്. 2,087 മില്ലീമീറ്റർ വീൽബേസ് ഉണ്ടായിരിക്കും. ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലീമീറ്റർ ആണ്. ഭാരം 550 കിലോ ആണ്.
20hp പവർ ഉത്പാദിപ്പിക്കാൻ കഴിവുള്ള 10 Kwh ശേഷിയുള്ള ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ എടുക്കും. ഒറ്റ ചാർജിൽ 160 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ കാറിന് കഴിയും. എന്നാൽ ഒരേസമയം രണ്ട് പേർക്ക് മാത്രമേ കാറിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.
ഇന്റീരിയറിൽ എസി, ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഫോൾഡിംഗ് ഔട്ടർ റിയർവ്യൂ മിററുകൾ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ വിൻഡോകൾ തുടങ്ങിയ സമാന സവിശേഷതകൾ വാഗ്ദാനം ചെയ്‌തേക്കും. കാർ വാങ്ങാൻ താത്പര്യമുള്ളർക്കായി ഓൺലൈനായി 2,000 രൂപ ടോക്കൺ തുക നൽകി പ്രീ ഓർഡർ ചെയ്യാനാവുമെന്ന് കമ്പനി പറയുന്നു. കാറിന്റെ പ്രോട്ടോടൈപ്പ് തയ്യാറാണെന്ന് കമ്പനിയുടെ സ്ഥാപകൻ കൽപിത് പട്ടേൽ അവകാശപ്പെടുന്നു. അടുത്ത വർഷം പകുതിയോടെ വാഹനം വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോഞ്ചിങ് ദിവസം വാഹനത്തിന്റെ കൂടുതൽ ഫീച്ചറുകൾ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.