മിനിറ്റുകള്‍ക്കകം ബൈക്കുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു; ബുക്കിങ് നിര്‍ത്തിവെച്ച് കമ്പനി
ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് 2021 സെപ്റ്റംബര്‍ മുതല്‍ ബൈക്ക് ഡെലിവറി ചെയ്യുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
വില്‍പന തുടങ്ങി മിനിറ്റുകള്‍ക്കകം ബൈക്കുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നതിനെ തുടര്‍ന്ന് ബുക്കിങ് നിര്‍ത്തിവെച്ച് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ്. ആര്‍.വി 400 മോഡലാണ് ചൂടപ്പം പോലെ വിറ്റുപോയത്. 2019 ആഗസ്റ്റ് മാസത്തിലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആര്‍.വി 300, ആര്‍.വി 400 മോഡലുകള്‍ അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളുടെ വില നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ആവശ്യക്കാര്‍ കൂടിയതിനെ തുടര്‍ന്ന് ബൈക്കിന്റെ ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ ബൈക്കിന്റെ ബുക്കിങ് കമ്പനി വീണ്ടും തുടങ്ങി. പക്ഷെ ബുക്കിങ് തുടങ്ങി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍.വി 400ന്റെ ആദ്യഘട്ട ബുക്കിങ്ങും വെറും രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ചിരുന്നു. പരമാവധി ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്നും ബുക്കിങ് നിര്‍ത്തിയത്.
ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് 2021 സെപ്റ്റംബര്‍ മുതല്‍ ബൈക്ക് ഡെലിവറി ചെയ്യുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫെയിം 2 സബ്‌സിഡി സ്‌കീമിന്റെ ആനുകൂല്യത്തോടെയാണ് റിവോള്‍ട്ട് ആര്‍.വി 400 ഇലക്ട്രിക് ബൈക്ക് എത്തുന്നത്. ഫെയിം 2 സബ്‌സിഡി തുക സര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കമ്പനി ബൈക്കിന്റെ വില 28,000 രൂപ വരെ കുറച്ചിരുന്നു.
ഹരിയാനയിലെ മനേസറിലെ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റില്‍ നിന്നാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ പിറക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോള്‍ട്ട് പ്രവര്‍ത്തിക്കുന്നത്.