10.99 ലക്ഷത്തിന് ടാറ്റയുടെ പഞ്ച് ഇ.വി; 421 കിലോമീറ്റർ റേഞ്ച്

50 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും

Update: 2024-01-17 09:44 GMT
Advertising

 ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ പഞ്ച് ഇ.വി പുറത്തിറക്കി. 10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം നേരത്തെ ആരംഭിച്ചിരുന്നു.

ടാറ്റയുടെ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ‘ആക്ടി.ഇവി’യിൽ പുറത്തിറക്കുന്ന ആദ്യ വാഹനം കൂടിയാണ് പഞ്ച് ഇ.വി. പെട്രോൾ മോഡലിൽനിന്ന് വ്യത്യസ്തമായി പരിഷ്കരിച്ച മുൻഭാഗമാണ് പഞ്ച് ഇ.വിക്കുള്ളത്. അടഞ്ഞ ഗ്രില്ലും ​ലംബമായ എൽ.ഇ.ഡി പ്രോജക്ട്ഡ് ഹെഡ്‍ലാംപുകളും കണക്ട്ഡ് ആയിട്ടുള്ള ഡേടൈം റണ്ണിങ് എൽ.ഇ.ഡിയുമെല്ലാം വാഹനത്തിന് പുതിയ ക്യാരക്ടർ നൽകുന്നു.

മുന്നിലെ ലോഗോക്ക് പിറകിലായാണ് ചാർജിങ്​ പോർട്ട് നൽകിയിട്ടുള്ളത്. മുന്നിലെ ബോണറ്റിനുള്ളിലും സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യമുണ്ട്. പുതിയ അലോയ് വീലാണ് മറ്റൊരു വ്യത്യാസം. ​അതേസമയം, പിന്നിൽ കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.


അകത്ത് ഒരുപാട് മാറ്റങ്ങളാണ് ടാറ്റ വരുത്തിയിട്ടുള്ളത്. 10.25 ഇഞ്ച് ടി.എഫ്.ടി ഇൻസ്ട്രുമെന്റ് കൺസോൾ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സംവിധാനം എന്നിവയെല്ലാം അകത്തളത്തിൽ പ്രൗഢി സമ്മാനിക്കുന്നു. വയർലെസ് സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മുന്നിലെ വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, 360 ഡിഗ്രി പാർക്കിങ് കാമറ, സൺറൂഫ് തുടങ്ങി നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് പാർക്കിങ് ​ബ്രേക്കിങ്, ആറ് എയർ ബാഗുകൾ, ബ്ലൈൻഡ് സ്​പോട്ട് മോണിറ്റർ തുടങ്ങിയ സുരക്ഷ സൗകര്യങ്ങൾ അധികമായുണ്ട്.

സ്റ്റാൻഡേർഡ് റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളിലായി വ്യത്യസ്ത വേരിയന്റുകളാണ് പഞ്ചിനുള്ളത്. 25 kWh ബാറ്ററി പാക്കിന്റെ റേഞ്ച് 315 കിലോമീറ്ററാണ്. ലോങ് റേഞ്ചിൽ 35 kWh ബാറ്ററിയാണുള്ളത്, റേഞ്ച് 421 കിലോമീറ്റർ.

പരമാവധി 122 ബി.എച്ച്.പി പവറും 190 എൻ.എം ടോർക്കുമാണ് ഇലക്ട്രിക് മോട്ടോറിൽനിന്ന് ലഭ്യമാകുക. 9.5 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ സഹായിക്കും. 3.3 കിലോവാട്ട് വാൾബോക്സ് ചാർജറും 7.2 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജറുമാണ് കമ്പനി നൽകുന്നത്.

50 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റ് കൊണ്ട് പത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. ടിയാഗോ ഇ.വിക്കും നെക്സോൺ ഇ.വിക്കും ഇടയിലായിട്ടാണ് ടാറ്റ വില നിശ്ചയിച്ചിട്ടുള്ളത്. ഫ്രഞ്ച് കമ്പനിയായ സിട്രോൺ ഇ.സി3 ആയിരിക്കും പ്രധാന എതിരാളി.


 സ്റ്റാൻഡേർഡ് റേഞ്ചിലെ വേരിയന്റുകളും വിലയും (എക്സ് ഷോറൂം):

സ്മാർട്ട് : 10.99 ലക്ഷം

സ്മാർട്ട്+ : 11.49 ലക്ഷം

അഡ്വഞ്ചർ : 11.99 ലക്ഷം

എംപവേർഡ് : 12.79 ലക്ഷം

എംപവേർഡ്+ : 13.29 ലക്ഷം

ലോങ് റേഞ്ചിലെ വേരിയന്റുകളും വിലയും (എക്സ് ഷോറൂം):

അഡ്വഞ്ചർ : 12.99 ലക്ഷം

എംപവേർഡ്+ : 14.49 ലക്ഷം

Summary - Tata has launched its latest electric vehicle Punch EV. Ex-showroom prices for various variants range from Rs 10.99 lakh to Rs 14.49 lakh 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News