ടൊയോട്ടയില്‍ നിന്നും പുതിയ എസ്‌യുവി; ഫ്രണ്ട്‌ലാന്‍ഡര്‍
കൊറോള ക്രോസുമായി ഡിസൈിലും എഞ്ചിനിലും സാമ്യതയുള്ള വാഹനമാണ് ഫ്രണ്ട്‌ലാന്‍ഡര്‍.
ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ടൊയോട്ട പുതിയ എസ്‌യുവി വാഹനം ഫ്രണ്ട്‌ലാന്ററിന്റെ ടീസര്‍ പുറത്തുവിട്ടു. അടുത്തിടെ പുറത്തിറങ്ങിയ കൊറോള ക്രോസ് എസ്‌യുവിയുടെ മറ്റൊരു പതിപ്പാണ് ഫ്രണ്ട്‌ലാന്‍ഡര്‍ എന്നാണ് സൂചന. പുതിയ എസ്‌യുവി ആദ്യം ചൈനയിലായിരിക്കും വില്‍പ്പനക്ക് എത്തുക. ഒന്നിലധികം പെട്രോള്‍- ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ടയുടെ ടിഎന്‍ജിഎ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ഫ്രണ്ട്‌ലാന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ആഗോള വിപണിയിലുള്ള ടൊയോട്ടയുടെ നിരവധി എസ്‌യുവികളും സെഡാനുകളും ഇതേ ഘടനയിലാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യയോട് കൂടി. 1.8 പെട്രോള്‍ എന്‍ജിനോടെയാകും വാഹനം എത്തുക. ഫ്രണ്ട് ഗ്രില്‍, വലിയ എയര്‍- ഇന്‍ടേക്കുള്ള ബമ്പര്‍, 18 ഇഞ്ച് വീലുകള്‍ തുടങ്ങിയവയും പുതിയ വാഹനത്തിന്റെ പ്രത്യേകതകളാണ്.
ആഗോള വിപണിയില്‍ ടൊയോട്ട ഫ്രണ്ട്‌ലാന്‍ഡര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് ബ്രാന്‍ഡായ ജി.എ.സിയുടെ പങ്കാളിത്തത്തോടെയായിരിക്കും ടൊയോട്ട വാഹനം നിര്‍മിക്കുക. വാഹനം എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അതേസമയം, ടൊയോട്ട വാഹനങ്ങള്‍ക്ക് കമ്പനി വില വര്‍ധിപ്പിച്ചു. നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂടിയതാണ് കാരണം. ഇന്ത്യയില്‍ യാരിസ് പ്രീമിയം സെഡാന്റെ വില്‍പ്പനയും നിര്‍മാണവും പൂര്‍ണമായും നിര്‍ത്തുകയാണെന്ന് കഴിഞ്ഞ ആഴ്ച ടൊയോട്ട പ്രഖ്യാപിച്ചിരുന്നു.