ഏപ്രിൽ ഒന്നുമുതൽ പഴയ വിലയിൽ കിട്ടില്ല; വില വർധനയ്‌ക്കൊരുങ്ങി ടൊയോട്ട
അസംസ്‌കൃത വസ്തുക്കളുൾപ്പെടെയുള്ള ഇൻപുട്ട് ചെലവ് വർധിക്കുന്നതിനാലാണ് മോഡലുകളുടെ വില വർധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
വില വർധനയ്‌ക്കൊരുങ്ങി ടൊയോട്ട കിർലോസ്‌കർ. മോഡലുകളിലുടനീളം നാല് ശതമാനം വരെ വില വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. വില വർധനവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകൾ വിൽക്കുന്ന കമ്പനി, അസംസ്‌കൃത വസ്തുക്കളുൾപ്പെടെയുള്ള ഇൻപുട്ട് ചെലവ് വർധിക്കുന്നതിനാലാണ് വില വർധിപ്പിക്കുന്നത്.
തങ്ങളുടെ മോഡലുകളിൽ 3.5 ശതമാനം വരെ വില വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മറ്റ് ആഡംബര കാർ നിർമാതാക്കളായ ഔഡി, മെഴ്‌സിഡീസ് ബെൻസ് എന്നിവയും ഏപ്രിൽ ഒന്നുമുതൽ വില വർധിപ്പിക്കും.
അതേസമയം, ടൊയോട്ട പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാൻസ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അടുത്തിടെ പരിഷ്ക്കരിച്ച് പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോയ്‌ക്ക് അനുസൃതമായ മാറ്റങ്ങളോടെയാണ് ഗ്ലാൻസയും മുഖം മിനുക്കിയിരിക്കുന്നത്. വാഹനത്തിന്റെ പ്രാരംഭ വില 6.39 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഗ്ലാൻസയുടെ സിഎൻജി വേരിയന്റ് അവതരിപ്പിക്കാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പദ്ധതിയിടുന്നുണ്ട്.