ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടത് ഒരു വർഷം; എന്നിട്ടും ഈ ആഡംബര വാഹനത്തിന് ഇടിയാണ്

പൂർണമായും വിദേശത്തുനിന്ന് നിർമിച്ചാണ് വാഹനം ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്

Update: 2023-12-24 14:24 GMT
Advertising

ടൊയോട്ടയുടെ ആഡംബര എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ) ആയ വെൽഫയറിന്റെ പരിഷ്കരിച്ച പതിപ്പ് ഈ വർഷം ആഗസ്റ്റിലാണ് ഇന്ത്യയിലെത്തുന്നത്. വിപണിയിലെത്തിയ ശേഷം വൻ ഡിമാൻഡാണ് വാഹനത്തിന്. കഴിഞ്ഞ മാസം 53 വാഹനങ്ങൾ വിൽക്കാൻ കമ്പനിക്കായി. സെലിബ്രിറ്റികളുടെയടക്കം ഇഷ്ടവാഹനമാണിത്.

വെൽഫയർ ബുക്ക് ചെയ്ത ശേഷം കൈയിൽ കിട്ടണമെങ്കിൽ 12 മാസമെങ്കിലും വേണമെന്നതാണ് നിലവിലെ അവസ്ഥ. പൂർണമായും വിദേശത്തുനിന്ന് നിർമിച്ചാണ് വാഹനം ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്.

രണ്ട് വേരിയന്റുകളാണ് വെൽ​ഫയറിനുള്ളത്. ഹൈ, വിഐപി എന്നിവയാണ് അവ. 1.20 കോടി രൂപ (എക്സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.




 പുതിയ വലിയ ഗ്രില്ലാണ് പരിഷ്കരിച്ച പതിപ്പിലെ പ്രധാന മാറ്റം. വീതികുറഞ്ഞ എൽഇഡി ഹെഡ് ലാംപുകൾ, ​പിറകിൽ സ്ലൈഡിങ് ഡോറുകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

വാഹനത്തിന്റെ ഉൾവശത്ത് കൂടുതൽ ആഡംബര സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോ ടൈൻമെന്റ് സംവിധാനവും 15 സ്പീക്കറുമെല്ലാം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻ യാത്രക്കാർക്ക് 14 ഇഞ്ച് എന്റർടൈൻമെന്റ് സ്ക്രീൻ, സൺ ബ്ലൈൻഡ്സ്, മസാജ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

റിമോട്ട് ഡോർ ലോക്ക് ആൻഡ് അൺലോക്ക്, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, റിമോട്ട് എയർ കണ്ടീഷനിങ്, ഡ്രൈവർ മോണിറ്ററിങ് അലേർട്ടുകൾ എന്നിങ്ങനെ 60-ലധികം കണക്‌റ്റിവിറ്റി ഫീച്ചറുകളും വെൽ​ഫയറിലുണ്ട്.

2.5 ലിറ്റർ ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 190 ബിഎച്ച്പിയും 240 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുക. 19.28 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News