മൊബൈൽ പോലെ ചാർജ് ചെയ്താലോ? വാഹനങ്ങളുടെ പോർട്ടബ്ൾ ചാർജർ റെഡി
വാഹനങ്ങള്‍ ചാർജ് ചെയ്യാനായി പോർട്ടബ്ൾ ഇലക്ട്രിക് വെഹിക്കിൾ ചാർജര്‍ പുറത്തിറക്കി ബ്രിട്ടീഷ് കമ്പനി
അയ്യോ, ഇതെങ്ങനെ ചാർജ് ചെയ്യും? ചാർജ് ചെയ്യാൻ വേണ്ടത്ര സ്‌റ്റേഷനുകൾ നാട്ടിലുണ്ടോ? ചാർജു ചെയ്യാൻ പാടുപെടും.... ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicle - EV)) വാങ്ങാന്‍ ഉദ്ദേശിക്കുന്ന ശരാശരി ഉപഭോക്താവിന്റെ മനസ്സിൽ വരുന്ന ചിന്തകളാണ് ഇതെല്ലാം. അതിൽ സത്യവുമുണ്ട്. വലിയ ദൂരം സഞ്ചരിക്കേണ്ട യാത്രയിൽ ചാർജിങ് ഇപ്പോഴും ഒരു വില്ലനാണ്. കാരണം, പെട്രോൾ പമ്പുകൾ പോലെ വേണ്ടത്ര ചാർജിങ് സ്‌റ്റേഷനുകൾ ഇല്ല എന്നതു തന്നെ.
എന്നാൽ മൊബൈൽ ഫോൺ പോലെ വാഹനങ്ങൾ ചാർജ് ചെയ്യാനായാലോ? വാഹനലോകത്ത് അത്തരമൊരു തകർപ്പൻ മാറ്റത്തിന് കളമൊരുങ്ങുകയാണിപ്പോൾ. ചാർജ് ചെയ്യാനായി പോർട്ടബ്ൾ ഇലക്ട്രിക് വെഹിക്കിൾ ചാർജറാണ് (portable EV charger) ബുധനാഴ്ച സിപ്ചാർജ് (ZipCharge) എന്ന യുകെ കമ്പനി പുറത്തിറക്കിയത്. ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ പരിസ്ഥിതി ഉച്ചകോടി സിഒപി 26 (COP26) വേദിയിലാണ് ഗോ എന്ന് പേരുള്ള പോർട്ടബ്ൾ ചാർജർ പുറത്തിറക്കിയത്.
അടുത്ത വർഷം മുതൽ ചാർജർ വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. യാത്രയ്ക്കിടെ എവിടെയെങ്കിലും നിർത്തി കേബ്ൾ വഴി വാഹനം ചാർജ് ചെയ്യാം. ചാർജ് ചെയ്ത ശേഷം ഡിക്കിയിൽ സൂക്ഷിക്കുകയും ചെയ്യാം.
മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് എത്ര ചാർജ് കയറി എന്നറിയുന്നത്. 30 മിനിറ്റു കൊണ്ട് 20 മൈൽ വരെ സഞ്ചരിക്കാനുള്ള ചാർജ് കയറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ യാത്രക്കാർക്ക് ഇത്രയും മതി എന്നാണ് സിപ്ചാർജ് കമ്പനി പറയുന്നത്.
ഇപ്പോൾ യുകെയിൽ മാത്രമാണ് ചാർജർ ലഭ്യമാകുക. വില അഞ്ഞൂറു പൗണ്ടിനും ആയിരം പൗണ്ടിനും മധ്യേ. (ഏകേദശം 50000-1,00000 രൂപ). പ്രതിമാസം 49 പൗണ്ട് നൽകി സ്വന്തമാക്കാനുള്ള ഓപ്ഷനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ചാർജർ ഇന്ത്യയിലെത്താൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.