ഇന്നോവ ഇനി സിഎൻജിയിലും തിരിയും; ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ അവതാരത്തിൽ സിഎൻജിയും
ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ഒരേസമയം വിപണിയിൽ വരുന്നതോടെ ക്രിസ്റ്റയുടെ ഉയർന്ന വേരിയന്റുകൾ പിൻവലിക്കാൻ സാധ്യതയുണ്ട്.
അടുത്തകാലത്ത് ടൊയോട്ടയിൽ നിന്നുവന്ന ഞെട്ടിക്കുന്ന നീക്കമായിരുന്നു ഇന്ത്യയിൽ അവരുടെ ഏറ്റവും ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയെ പിൻവലിക്കുക എന്നത്. ചിപ്പ് ക്ഷാമം കണക്കിലെടുത്താണ് ടൊയോട്ട അങ്ങനെ ചെയ്തത്. പിന്നീട് ഇന്നോവ ഹൈ ക്രോസ് എന്ന പുതിയ മോഡൽ പുറത്തിറക്കിയപ്പോഴും ഇന്നോവയുടെ അപ്‌ഡേറ്റഡ് മോഡൽ പുറത്തുവന്നിരുന്നില്ല.
എന്നാൽ അധികനാൾ ഇന്നോവ ക്രിസ്റ്റയെ മാറ്റിനിർത്താൻ ടൊയോട്ടക്ക് സാധിക്കില്ല എന്നതുകൊണ്ട് പുതിയ ക്രിസ്റ്റ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അവർ. നിലവിൽ പെട്രോൾ വേരിയന്റ് ക്രിസ്റ്റ ലഭ്യമാണെങ്കിലും ക്രിസ്റ്റയുടെ വിൽപ്പനയുടെ സിംഹഭാഗവും വന്നിരുന്നത് ഡീസൽ വേരിയന്റിലായിരുന്നു.
അടുത്തവർഷം ആദ്യം പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുമെന്നാണ് സൂചനകൾ. ഡീസൽ എഞ്ചിൻ കൂടാതെ ഒരു സിഎൻജി വേരിയന്റ് കൂടി പുതിയ തലമുറ ഇന്നോവ ക്രിസ്റ്റയിലുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചന. നിലവിലുള്ള 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിഎൻജി വേരിയന്റ് ലഭ്യമാകുക.
മാരുതി സുസുക്കിയുമായുള്ള ധാരണയാണ് ടൊയോട്ടക്ക് സിഎൻജി വാഹനം പുറത്തിറക്കാനുള്ള പ്രചോദനം. നേരത്തെ ഗ്ലാൻസക്കും അവർക്ക് സിഎൻജി പുറത്തിറക്കിയിരുന്നു. കൂടാതെ അർബൻ ക്രൂയിസർ ഹൈ റൈഡറിനും ഒരു സിഎൻജി വേർഷൻ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ഒരേസമയം വിപണിയിൽ വരുന്നതോടെ ക്രിസ്റ്റയുടെ ഉയർന്ന വേരിയന്റുകൾ പിൻവലിക്കാൻ സാധ്യതയുണ്ട്. പ്രീമിയം ഉപഭോക്താക്കളെ ഹൈക്രോസിലേക്ക് ആകർഷിക്കാനാണ് ഈ തന്ത്രം. ഇരു വാഹനങ്ങളും തമ്മിലുള്ള പ്രൈസ് റേഞ്ച് ക്രമീകരിക്കാനും ഇത് സഹായിക്കും.