വിജയ്‌യുടെ റോൾസ് റോയ്‌സ് ഘോസ്റ്റ്, സച്ചിന്റെ ഫെറാറി മൊഡേണ; നികുതിയൊടുക്കാൻ ഹീറോകൾക്ക് എന്താണ് മടി?
ഏഴു തവണ ഫോർമുല വൺ ചാമ്പ്യനായ മൈക്കൽ ഷുമാക്കർ സമ്മാനമായി നൽകിയ ഫെറാറിയാണ് ക്രിക്കറ്റ് ഇതിഹാസത്തെ കുരിശിലേറ്റിയത്
ആഡംബര വാഹനത്തിന് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയ തെന്നിന്ത്യൻ സൂപ്പർ താരം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. സിനിമയിലെ ഹീറോകൾ വെറും റീൽ ഹീറോകൾ മാത്രമായി മാറരുത് എന്ന ശക്തമായ പരാമര്‍ശം നടത്തിയാണ് ഹൈക്കോടതിയുടെ പിഴ ശിക്ഷ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴ ഒടുക്കാനാണ് നിർദേശം.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഘോസ്റ്റിന്റെ എൻട്രി ടാക്‌സ് ഒഴിവാക്കി നൽകണമെന്നാണ് വിജയ് കോടതിയിൽ അഭ്യർത്ഥിരുന്നത്. എന്നാൽ നിശിത ഭാഷയിലാണ് ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യം താരത്തെ വിമർശിച്ചത്.
ഹർജി പരിഗണിച്ച കോടതി സത്യവാങ്മൂലത്തിൽ താരത്തിന്‍റെ തൊഴിൽ പരാമർശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി. നികുതി വ്യവസ്ഥ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നും അത് നിർബന്ധിതമായി അടക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കോടതി നടനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്.
'സ്‌കൂളുകൾ, ആശുപത്രികൾ, പാവങ്ങൾക്കുള്ള ഭവനപദ്ധതികൾ തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികൾക്കും റോഡുകൾ, പാലങ്ങൾ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് സർക്കാർ നികുതിപ്പണം ഉപയോഗിക്കുന്നത്. നികുതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ദേശവിരുദ്ധ മനോഭാവമാണ്. ഭരണഘടനാ വിരുദ്ധമാണത്. സിനിമയിൽ ഈ നടന്മാർ സമൂഹത്തിൽ സാമൂഹ്യനീതി കൊണ്ടുവരാൻ ശ്രമിക്കുന്ന ചാമ്പ്യന്മാരാണ്. ഇത്തരത്തിൽ നികുതിയിളവിന് ശ്രമിക്കുന്നത് അവരുടെ നിലവാരത്തിന് യോജിച്ചതല്ല.' - കോടതി പറഞ്ഞു.
'ധാരാളം ആരാധക വൃന്ദമുള്ളയാളാണ് ഹർജിക്കാരൻ. ആരാധകർ നടനെ കാണുന്നത് യഥാർത്ഥ ജീവിതത്തിലെ ഹീറോ ആയാണ്. സിനിമയിലെ ഹീറോകൾ തമിഴ്‌നാട്ടിലെ ഭരണാധികാരികൾ വരെ ആയി ഉയർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അവർ യഥാർത്ഥ ഹീറോകൾ തന്നെയാണ്. ഇവർ റീൽ ഹീറോകളെ പോലെ പെരുമാറരുത്. നികുതിയിൽ നിന്ന് ഒഴിയുന്നത് ദേശവിരുദ്ധ മനോഭാവവും ഭരണഘടനാ വിരുദ്ധവുമാണ്' - കോടതി നിരീക്ഷിച്ചു.
2012ലാണ് വിജയ് റോൾസ് റോയ്‌സ് ഘോസ്റ്റ് സ്വന്തമാക്കിയത്. 6.95-7.95 കോടിയാണ് കാറിന്റെ വില. മൊത്തം വിലയുടെ 20 ശതമാനമാണ് കാറിന് എൻട്രി ടാക്‌സായി നൽകേണ്ടത്.
സച്ചിന്റെ ഫെറാറി
എന്നാൽ ഇതാദ്യമായല്ല, ഒരു സൂപ്പർ താരം നികുതിയിളവിന്റെ പേരിൽ വാർത്തകളിൽ നിറയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഇക്കാര്യത്തിൽ വിജയ്‌ക്കൊപ്പമുള്ളത്. സച്ചിന് വിദേശത്തു നിന്ന് ലഭിച്ച ചെയ്ത ഫെറാറിയാണ് വിവാദങ്ങൾക്ക് വഴി വച്ചത്. 2003ലാണ് സംഭവം.
ഏഴു തവണ ഫോർമുല വൺ ചാമ്പ്യനായ മൈക്കൽ ഷുമാക്കർ സമ്മാനമായി നൽകിയ ഫെറാറിയാണ് ക്രിക്കറ്റ് ഇതിഹാസത്തെ കുരിശിലേറ്റിയത്. 1.13 കോടിയുടെ നികുതിയിളവാണ് ഫെറാറി 360 മൊഡേണയ്ക്ക് ആദായ നികുതി വകുപ്പ് നൽകിയത്. 75 ലക്ഷം രൂപ വിലയുള്ള കാറിന്റെ മൊത്തം മൂല്യത്തിന്റെ 120 ശതമാനമായിരുന്നു നികുതി. സച്ചിൻ ആവശ്യപ്പെട്ടിട്ടായിരുന്നോ ഈ ഇളവ് നൽകിയത് എന്നതിൽ വ്യക്തതയില്ല. എന്നാൽ സംഭവം മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി.
ഈ കാർ പിന്നീട് സച്ചിൻ വിറ്റു. സമ്മാനമായി കിട്ടിയ വാഹനം വിൽപ്പന നടത്തിയതിനെ പരിഹസിച്ച് 'ദ ലജന്റ് ഹു സോൾഡ് ഹിസ് ഫെറാറി' എന്നാണ് എഴുത്തുകാരി ശോഭ ഡേ പരിഹസിച്ചിരുന്നത്. റോബിൻ ശർമ്മയുടെ 'ദ മോങ്ക് ഹു സോൾഡ് ഹിസ് ഫെറാറി' എന്ന നോവലിന്റെ തലക്കെട്ട് കടമെടുത്തായിരുന്നു ശോഭയുടെ പരിഹാസം. സൂറത്ത് വ്യവസായി ജയേഷ് ദേശായിയാണ് ഈ കാർ സ്വന്തമാക്കിയിരുന്നത്.