ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ച് ഷവോമി; ഒളിപ്പിച്ചുവെച്ചിരിക്കുന്നത് വമ്പൻ ഫീച്ചറുകൾ

1200 കിലോമീറ്റർ റേഞ്ചുള്ള മോഡലും ഷവോമി ഇവി വിപണിയിലെത്തിക്കും

Update: 2023-12-28 09:19 GMT
Advertising

സ്മാർട്ട് ഫോൺ നിർമാണ രംഗത്തെ ചൈനീസ് ഭീമൻമാരായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. എസ്‍യു7 എന്ന മോഡലാണ് വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിച്ചത്. സ്പീഡ് അൾട്ര എന്നതാണ് എസ്‍യു കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. പെർഫോമൻസിന് പ്രാധാന്യം നൽകുന്നതാണ് വാഹനമെന്ന സൂചന ഇത് നൽകുന്നു. ടെസ്‍ലയുടെ മോഡൽ എസ് ആയിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി.

ബീജിങ്ങിൽ വാഹനത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. 4997 എംഎം നീളം, 1963 എംഎം വീതി, 1455 എംഎം ഉയരം എന്നിങ്ങനെയാണ് വാഹനത്തിനുള്ളത്. 3000 എംഎം ആണ് വീൽബേസ്. 73.6 കിലോ വാട്ട്, 101 കിലോ വാട്ട് എന്നിങ്ങനെ ബാറ്ററി പാക്കിൽ വാഹനം ലഭ്യമാകും.

കമ്പനിയുടെ സിടിബി (സെൽ ടു ബോഡി) എന്ന ടെക്നോളജി ഉപയോഗിച്ചാണ് ബാറ്ററി നിർമിച്ചിട്ടുള്ളത്. ഇത് വാഹനത്തിനുള്ളിൽ ബാറ്ററി മികച്ച രീതിയിൽ ഉൾപ്പെടുത്താനും ഷാസിയുടെ ഘടനയെ ശക്തിപ്പെടുത്താനും കൂടുതൽ ഇന്റീരിയർ സ്​പേസ് കണ്ടെത്താനും സഹായിക്കും. ഒരൊറ്റ ചാർജിൽ 800 കിലോ മീറ്റർ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലോകത്തിലെ തന്നെ വേഗതയേറിയ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്ന് കൂടിയാകും ​ഷ​വോമിയുടെ എസ് യു7. പരമാവധി ആർപിഎം 21,000 വരെയുണ്ടാകും.

വി6, വി6എസ് എന്നീ മോട്ടോറുകൾ യഥാക്രമം 299 എച്ച്പിയും 374 എച്ച്പിയും ഉൽപ്പാദിപ്പിക്കും. കൂടാതെ 635 എൻഎം ആണ് കൂടിയ ടോർക്ക്. താഴ്ന്ന വേരിയന്റിന്റെ പരമാവധി വേഗത 210ഉം കൂടിയ മോഡലിന്റേത് 265 കിലോ മീറ്ററുമാകും. 2025ഓടെ 1200 കിലോമീറ്റർ റേഞ്ചുള്ള മോഡലും ഷവോമി ഇവി വിപണിയിലെത്തിക്കും.

സെൽഫ് പാർക്കിങ് ഉൾപ്പെടെയുള്ള ഓട്ടോണോമസ് ഡ്രൈവിങ് സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. ഉയർന്ന റെസലൂഷനുള്ള കാമറകൾ, ലിഡാർ, അൾട്രാ സോണിക്, റഡാർ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാകും ഓട്ടോണോമസ് സൗകര്യങ്ങൾ പ്രവർത്തിക്കുക. ഹൈപ്പർ ഒഎസ് ഓപ്പറേറ്റിങ് സംവിധാനവും ഇതിലുണ്ട്. വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Summary: Xiaomi unveils the first electric car

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News